തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് വഴിെവച്ചത് ആക്രമിക്കപ്പെടുമെന്ന ഭയത്തിൽനിന്നെന്ന് പ്രതികൾ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങളും ആസൂത്രണവും വ്യക്തമായത്. അന്തിമ ആസൂത്രണം നടന്നത് കഴിഞ്ഞ ആഗസ്റ്റ് 27നെന്ന മൊഴി പ്രതികൾ നൽകിയതായി അന്വേഷണസംഘം വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ നേതാവ് ഫൈസലിനെ വെട്ടിയതോടെയാണ് വൈരാഗ്യം മൂര്‍ച്ഛിച്ചത്. അതിനെതുടർന്ന് കൊല്ലപ്പെട്ട ഹഖിെൻറ നേതൃത്വത്തിലുള്ള സംഘം തങ്ങളെ ആയുധവുമായി പിന്തുടരുന്നെന്ന തോന്നലില്‍നിന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് മുഖ്യപ്രതി സജീവ് സമ്മതിച്ചതായാണ് വിവരം. കൊലപാതകം നടന്ന സമയത്ത് ഇരുസംഘങ്ങളുടെയും കൈവശം ആയുധമുണ്ടായിരുന്നെന്ന് പൊലീസ് ഉറപ്പിച്ചു.
രണ്ടു ദിവസമായി കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ മൊഴിയും ഇതുവരെയുള്ള സാഹചര്യത്തെളിവുകളും അനുസരിച്ചാണ് ഇരട്ടക്കൊലപാതകത്തിലേക്കുള്ള ആസൂത്രണവഴി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗൂഢാലോചന നടന്ന കേന്ദ്രങ്ങളില്‍ പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുത്തു.
പ്രതികളായ സജീവും അജിത്തും സനലും സഞ്ചരിച്ച ഓട്ടോറിക്ഷയെ ഹഖിെൻറ നേതൃത്വത്തിലെ സംഘം ബൈക്കില്‍ പിന്തുടര്ന്നു. ഇതുകണ്ട് വേഗത്തില്‍ പോയ ഓട്ടോറിക്ഷ പാളിയതോടെ റോഡിെൻറ വശത്ത് നിര്‍ത്തി. ഈ സമയം ഹഖിെൻറ കൈവശം കത്തി കണ്ടു. ഇത് ഫൈസലിനെ വെട്ടിയതിന് പകരമായി ആക്രമിക്കാനാണെന്ന് കരുതി. ഇതോടെയാണ് തിരിച്ചടിക്കാന്‍ തീരുമാനിച്ചതെന്നാണ് സജീവിെൻറ മൊഴി.
തുടർന്ന് പ്രതിരോധിക്കാൻ തീരുമാനിച്ചു. അതിെൻറ അടിസ്ഥാനത്തിൽ അടുത്ത ദിവസങ്ങളില്‍ ഉണ്ണിയും അജിത്തും ചേര്‍ന്ന് ആയുധങ്ങള്‍ ശേഖരിച്ചു. കൊല നടന്ന 30ന് രാവിലെ പത്തരമുതല്‍ പുല്ലമ്പാറയിലെ ഫാംഹൗസിലും സനലിെൻറ വീട്ടിലുമായി ഒത്തുചേര്‍ന്ന് പ്രതികൾ മദ്യപിച്ചു. ആസൂത്രണത്തില്‍ പങ്കുള്ള ഷജിത്ത്, നജീബ്, അജിത്, സതികുമാര്‍ എന്നിവരെ ഫാംഹൗസിലുള്പ്പെടെ എത്തിച്ച് തെളിവെടുത്തതോടെ ഈ മൊഴി ശരിയാണെന്ന് പൊലീസ് വിലയിരുത്തി.
എന്നാൽ, സംഭവം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ടവരുടെ സംഘം എത്തുമെന്ന് എങ്ങനെ പ്രതികൾ മനസ്സിലാക്കിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതിനുള്ള ശ്രമത്തിെൻറ ഭാഗമായാണ് ഫോൺ വിശദാംശങ്ങൾ പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.