കണ്ണൂർ: ആർ.എസ്.എസ് സൈദ്ധാന്തികരായ വി.ഡി. സവർക്കറുടെയും എം.എസ്. ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ കണ്ണൂർ സർവകലാശാല പി.ജി സിലബസിൽ ഉൾപ്പെടുത്തിയതിൽ വിശദീകരണവുമായി സിലബസ് പാനൽ. രാഷ്ട്രീയ ഉദ്ദേശ്യം മുൻനിർത്തിയുള്ള ആരോപണം മാത്രമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നതെന്നാണ് സിലബസ് പാനലിെൻറ വിശദീകരണം. പരമ്പരാഗത സമീപനത്തിൽനിന്നും വ്യത്യസ്തമായി വലതുപക്ഷ ചിന്ത പദ്ധതികളും ഉൾക്കൊള്ളുന്ന നവീനമായ സമീപനം ആണ് സിലബസിൽ ഉപയോഗിച്ചിരിക്കുന്നത്. വലതുപക്ഷ ചിന്താധാര എങ്ങനെ ഇന്ത്യൻ ദേശീയ സ്വത്വത്തെ നോക്കിക്കാണുന്നു എന്നുള്ളത് രാഷ്ട്രീയ വിദ്യാർഥി തീർച്ചയായും വായിച്ചുവളരണം.
അതുകൊണ്ടാണ് സിലബസിൽ സവർക്കർ, ഗോൾവാൾക്കർ, ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയത്. ഇതിൽ അസാധാരണമായ ഒരു പുതിയ കാര്യവും ഇല്ല. ഇവയൊന്നും ഇന്ത്യയിൽ നിരോധിച്ച പുസ്തകങ്ങളുമല്ല. സവർക്കർ, ഗോൾവാൾക്കർ തുടങ്ങിയവരുടെ ചിന്തകൾ ഇന്ത്യയിലെ മിക്ക സർവകലാശാലകളുടെയും പൊളിറ്റിക്കൽ സയൻസ് വകുപ്പുകളിൽ സിലബസായി നൽകിയിട്ടുണ്ടെന്നും പാനൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണമെന്ന ആരോപണം ശക്തമാകുന്ന ഘട്ടത്തിലാണ് കണ്ണൂർ സർവകലാശാല ബിരുദാനന്തര ബിരുദ സിലബസിൽ വർഗീയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുന്നത്. ഗോൾവാൾക്കറുടെ 'വീ ഓർ ഔർ നാഷൻഹുഡ് ഡിഫൈൻഡ്', 'ബഞ്ച് ഓഫ് തോട്ട്സ്', സവർക്കറുടെ 'ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു' എന്നീ പുസ്തകങ്ങളിെല ചില ഭാഗങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണിതെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് ഇവ സിലബസിൽ ഉൾപ്പെടുത്തിയത്. കൂടാതെ 'ബഞ്ച് ഓഫ് തോട്ട്സ്' (വിചാരധാര) ആർ.എസ്.എസ് മൂലഗ്രന്ഥമായി പരിഗണിക്കുന്ന കൃതിയുമാണ്.
എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉള്ളത്. തീംസ് - ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങൾ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്നാണ് ആക്ഷേപം. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്. എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയത്.
ഇന്ത്യയിൽതന്നെ ഈ കോഴ്സ് കണ്ണൂർ സർവകലാശാലക്കു കീഴിലെ ബ്രണ്ണൻ കോളജിൽ മാത്രമേയുള്ളൂ. അതിനാൽ ഇതിെൻറ സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. ഇതിനിടയിലാണ് സംഘ്പരിവാർ ആശയപ്രചാരണവുമായി സിലബസിലടക്കം കൃത്യമായ ഇടപെടൽ നടത്താൻ അധികൃതർ ശ്രമിക്കുന്നത്. 2021 ജനുവരി 15ന് ആരംഭിച്ച കോഴ്സിെൻറ ആദ്യ സെമസ്റ്റർ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30നാണ്.
സംഭവത്തിൽ വിദ്യാർഥി സംഘടനകളടക്കം വ്യാപക പ്രതിഷേധം ഉയർത്തി. എന്നാൽ, വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം കണ്ണൂർ സർവകലാശാല സെനറ്റ് യോഗത്തിൽ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ബുധനാഴ്ച തലശ്ശേരി പാലയാട് കാമ്പസിൽ നടന്ന സർവകലാശാല യൂനിയൻ ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിനെതിരെ വിദ്യാർഥികൾ രംഗത്തിറങ്ങണമെന്ന് വൈസ് ചാൻസലറും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.