തിരുവനന്തപുരം: 25,000 കൈക്കൂലി വാങ്ങവെ മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഇടനിലക്കാരും വിജിലൻസ് പിടിയിൽ. ആലപ്പുഴ അമ്പഴപ്പുഴ മോട്ടാർ വാഹന വകുപ്പിലെ എൻഫോർസ്മന്റെ് വിഭാഗം അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സതീഷും ഇടനിലക്കാരൻ സജിൻ ഫിലിപ്പോസും ഇന്ന് ആലപ്പുഴ വിജിലൻസിന്റെ പിടിയിലായി.
ആലപ്പുഴ സ്വദേശിയും പരാതിക്കാരനുമായ പൊതുമരാമത്ത് കരാറുകാരന്റെ രണ്ടു ടോറസ് ലോറികൾ അമിതഭാരം കയറ്റി മെറ്റലുമായി പോകവേ എ.എം.എ.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോർസ്മെൻറ് വിഭാഗം ദിവസങ്ങൾക്കു മുൻപ് പിടികൂടിയിരുന്നു. പിടികൂടിയ ലോറികൾ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറാതിരിക്കണമെങ്കിൽ 25,000 രൂപ സതീഷ് കൈക്കൂലിയായി ആവശ്യപ്പെട്ടു.
പണം ഏജന്റായ സജിൻ ഫിലിപ്പോസിനെ ഏൽപിക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരനായ കരാറുകാരൻ ഈ വിവരം വിജിലൻസിൻറെ കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ്കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആലപ്പുഴ വിജിലൻസ് യൂനിറ്റു ഡി.വൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം കണിയൊരുക്കി ഇന്ന് വൈകീട്ട് 6.30 ഓടെ അമ്പലപ്പുഴ ദേശീയപാതയിൽ വെച്ച് പണം വാങ്ങവേ ഇരുവരെയും കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റു ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുൻപാകെ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയും ഇൻസ്പെക്ടർമാരായ പ്രശാന്ത്കുമാർ, മഹേഷ് കുമാർ, രാജേഷ് എന്നിവരും എസ്.ഐഎമാരായ സ്റ്റാൻലി തോമസ്, ബസന്ത്, ജയകുമാർ എന്നിവരും സി.പി.ഒമാരായ ശ്യാം, സുധീഷ്, ഷിജു സനിൽ, ലിജു, സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.