തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. തൃശൂർ ചാവക്കാട് താലൂക്കിലെ വെങ്കിടങ്ങ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് അജികുമാറിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയത്.
മേച്ചേരിപ്പടി സ്വദേശിയായ സുനീഷിന്റെ അമ്മയുടെ പേരിലുള്ള 7.5 സെന്റ് വസ്തുവിന്റെ രജിസ്ട്രേഷൻ ആവശ്യത്തിനായി വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കേണ്ട ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ അടങ്ങുന്ന ആർ.ഒ.ആർ സർട്ടിഫിക്കറ്റും, സ്കെച്ചും ലഭിക്കുന്നതിലേക്ക് ആധാരം എഴുത്തുകാർ മുഖേന കഴിഞ്ഞ മാസം സുനീഷ് അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്ന് സ്ഥലം പരിശോധനക്കെത്തിയ സമയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അജികുമാർ 3000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആധാരം എഴുത്തുകാർ വഴി 2000 രൂപ ഡിസംബർ 29 ന് നൽകി. തുടർന്ന് ബാക്കി 1000 രൂപ ഭൂമിയുടെ രജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ എത്തിക്കണമെന്നും അജികുമാർ ആവശ്യപ്പെട്ടു.
സുനീഷ് ഈ വിവരം വിജിലൻസിന്റെ ടോൾ ഫ്രീ 1064-ൽ വിളിച്ച് വിജിലൻസ് ആസ്ഥാനത്ത് അറിയിച്ചു. നായ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ അജികുമാറിനെ ട്രാപ് ചെയ്യുന്നതിനുള്ള നിർദേശം തൃശൂർ വിജിലൻസ് യൂനിറ്റ് ഡി,വൈ.എസ്.പി ജിംപോളിന് കൈമാറി.
ജിംപോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 4.45 ഓടെ വെങ്കിടങ്ങ് വില്ലേജ് ഓഫീസിനു മുൻപിൽ വച്ച് സുനീഷിൽ നിന്നും ബാക്കി 1000 രൂപ കൈക്കൂലി വാങ്ങുമ്പോൾ അജികുമാറിനെ കൈയോടെ പിടികൂടി. അറസ്റ്റിലായ പ്രതിയെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.