തൃശൂർ: മലബാർ സിമൻറ്സ് അഴിമതിക്കേസിലെ പ്രതിപ്പട്ടികയിൽനിന്ന് മൂന്ന് പേരെ ഒഴിവാക്കാനുള്ള സർക്കാർ ഉത്തരവ് തൃശൂർ വിജിലൻസ് കോടതി ജഡ്ജി ഹരിഗോവിന്ദൻ റദ്ദാക്കി. മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി, കമ്പനി എം.ഡിമാരായിരുന്ന എൻ. കൃഷ്ണകുമാർ, ടി. പത്മനാഭൻ നായർ എന്നിവർ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
മൂന്ന് അഴിമതിക്കേസുകളിലായി 20 കോടി രൂപയുടെ വെട്ടിപ്പ് നടന്നെന്നാണ് കുറ്റപത്രം. കുറ്റപത്രത്തിൽ ഈ മാസം 25ന് വാദം കേൾക്കും. ക്രിമിനൽ നടപടി നിയമത്തിലെ 321 വകുപ്പ് പ്രകാരം മൂന്ന് കേസുകളിൽനിന്ന് പിൻവാങ്ങാനുള്ള തീരുമാനം 2012ൽ ഉമ്മൻചാണ്ടി സർക്കാറാണ് എടുത്തത്. 2016ൽ പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർക്കാറും തീരുമാനവുമായി മുന്നോട്ടുപോയി. ഇതിനെതിരെ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച പരാതിയാണ് വഴിത്തിരിവായത്.
2010, 2011 കാലയളവിൽ മലബാർ സിമൻറ്സിൽ മൂന്ന് അഴിമതികൾ നടന്നെന്നാണ് കുറ്റപത്രം. തമിഴ്നാട്ടിൽനിന്ന് ചുണ്ണാമ്പുകല്ല് 10 വർഷത്തെ പാട്ടക്കരാർ പ്രകാരം വാങ്ങിയതിലെ അഴിമതിയാണ് ഒന്ന്. 25.61 ലക്ഷം രൂപയുടെ അഴിമതി ഇതിലുണ്ടായി. എ.ആർ.കെ വുഡ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അധികവില നൽകി ചുണ്ണാമ്പുകല്ല് ഇറക്കുമതി ചെയ്തതിൽ 2.78 കോടി രൂപയുടെ അഴിമതി നടന്നതായാണ് രണ്ടാമത്തെ കേസ്. തൂത്തുക്കുടിയിൽനിന്ന് അധിക കടത്തുകൂലിയിൽ ചുണ്ണാമ്പുകല്ല് ഇറക്കുമതി ചെയ്തതിൽ നടന്ന 16.17 കോടി രൂപയുടെ അഴിമതിയാണ് മൂന്നാമത്തെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.