തിരുവനന്തപുരം: ജിഷ്ണു കേസിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ സർക്കാർ പത്രപരസ്യം നൽകിയത് ശരിയായ നടപടിയാണോ എന്ന് വിജിലൻസ് കോടതി. പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ ഡി.ജി.പി ഓഫിസിന് മുന്നിൽ തടഞ്ഞതുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ നിലപാട് വിശദീകരിക്കാൻ ഖജനാവിൽനിന്ന് ഒരു കോടി രൂപ ചെലവാക്കിയെന്നാരോപിച്ച് പൊതുപ്രവർത്തകൻ പായിച്ചിറ നവാസ് നൽകിയ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം.
സർക്കാർ നടപടി സുപ്രീം കോടതി മാർഗരേഖകളുടെ ലംഘനമല്ലേയെന്നും കോടതി ആരാഞ്ഞു. അതേസമയം, പി.ആർ.ഡി വഴി പരസ്യം നൽകിയത് കേരള സെക്രേട്ടറിയറ്റ് മാനുവൽ പ്രകാരം ശരിയാണെന്ന് വിജിലൻസ് വാദിച്ചു. പി.ആർ.ഡി എന്നാൽ സർക്കാർ നടപ്പാക്കുന്ന കാര്യങ്ങൾ പൊതുജനങ്ങളെ അറിയിക്കാനുള്ളതല്ലേയെന്ന് ആരാഞ്ഞ കോടതി മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാനുള്ളതാണോ എന്നും ചോദിച്ചു. ഇക്കാര്യം പഠിച്ചശേഷം മേയ് 12ന് വിശദീകരണം നൽകാൻ വിജിലൻസിനോട് കോടതി നിർദേശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, പി.ആർ.ഡി സെക്രട്ടറി ഉഷ ടൈറ്റസ്, ഡയറക്ടർ ഡോ. അമ്പാടി, ധനകാര്യ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവരാണ് എതിർകക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.