തിരുവനന്തപുരം: ഹൈകോടതിയിൽനിന്നുൾപ്പെടെ നിരന്തരം വിമർശനങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ സ്വതന്ത്ര ചുമതലയുള്ള വിജിലൻസ് ഡയറക്ടറെ നിയമിക്കുന്ന കാര്യം സർക്കാർ സജീവമായി ആലോചിക്കുന്നു. ഡി.ജി.പി ഗ്രേഡുള്ള കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ, ജയിൽ മേധാവി ആർ. ശ്രീലേഖ എന്നീ പേരുകളാണ് ഇപ്പോൾ സർക്കാറിെൻറ പരിഗണനയിലുള്ളതെന്നാണ് അറിയുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റതന്നെയാണ് മാസങ്ങളായി വിജിലൻസ് ഡയറക്ടറുടെ ചുമതലയും നിർവഹിച്ചുവരുന്നത്. എന്നാൽ, ഇതു വ്യാപകമായ പ്രതിഷേധങ്ങൾക്കും കോടതിയുടെ വിമർശത്തിനും കാരണമായ പശ്ചാത്തലത്തിലാണ് സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കം ആരംഭിച്ചത്.
വിജിലൻസ് ഡയറക്ടർ നിർണായകമായ തസ്തികയായതിനാൽ സർക്കാറിെൻറ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ആ സ്ഥാനത്ത് വേണമെന്ന താൽപര്യത്തിൽ കരുതലോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. ഹേമചന്ദ്രനോട് സി.പി.എം നേതൃത്വത്തിനും താൽപര്യമുണ്ട്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്തെ ഹേമചന്ദ്രെൻറ പ്രവർത്തനങ്ങളാണ് അനുകൂല സാഹചര്യം. എന്നാൽ, ഹേമചന്ദ്രനും ശ്രീലേഖക്കും ഡി.ജി.പി ഗ്രേഡ് നൽകിയിട്ടുണ്ടെങ്കിലും അതു കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ കാഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഇവരെ നിയമിക്കുകയാണെങ്കിൽ അതു നിയമപ്രശ്നങ്ങൾക്ക് വഴിെവക്കാൻ സാധ്യതയുണ്ട്. ആ സാഹചര്യം കണക്കിലെടുത്ത് ഇൗ തസ്തികയെ കാഡർ തസ്തികയിൽനിന്ന് മാറ്റുന്ന കാര്യവും സർക്കാറിെൻറ പരിഗണനയിലുണ്ട്.
കാഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് എത്താൻ നിലവിൽ യോഗ്യതയുള്ളത് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങും സസ്പെൻഷനിലുള്ള ജേക്കബ് തോമസുമാണ്. എന്നാൽ, ഇവർ ഇരുവരെയും വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനോട് സർക്കാറിന് താൽപര്യമില്ല. എന്നാൽ, വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും നിയമിക്കുകയാണെങ്കിൽ ഇവർ ഇരുവരും നിയമനടപടി സ്വീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ക്രമസമാധാന ചുമതലയും വിജിലൻസ് ഡയറക്ടർ സ്ഥാനവും ബെഹ്റതന്നെ വഹിക്കുന്നതിൽ മുതിർന്ന െഎ.പി.എസുകാരിൽ കടുത്ത അതൃപ്തിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.