അനധികൃത സ്വത്ത്: കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം

തലശേരി: മുന്‍ മന്ത്രിയും ഇരിക്കൂർ എം.എൽ.എയുമായ കെ.സി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണം. യു.ഡി.എഫ് ഭരിച്ചിരുന്ന അഞ്ച് വര്‍ഷക്കാലത്തെ കെ.സി ജോസഫിന്‍റെയും കുടുംബത്തിന്‍റെയും വരുമാനം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്. വിവരങ്ങള്‍ അന്വേഷിച്ച് നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോഴിക്കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇരിട്ടി സ്വദേശിയായ കെ.എ ഷാജി നല്‍കിയ പരാതിയിലാണ് കോടതി നടപടി.

കെ.സി ജോസഫ്, അദ്ദേഹത്തിന്‍റെ ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നതാണ് കേസ്. കെ.സി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ വിനിമയം നടന്നിരുന്നു. ഇതിന്‍റെ സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെ.സി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭാര്യക്കും ആകെ വരുമാനമായി കാണിച്ചിട്ടുള്ളത് 16,97,000 രൂപയാണ്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഒരു കോടി മുപ്പത്തി മൂന്ന് ലക്ഷത്തോളം രൂപയായിരുന്നു വരുമാനം. 33 ലക്ഷം രൂപയുടെ അധിക വരുമാനം കെ.സി ജോസഫിന് ഉള്ളതായി കാണുന്നു.

തന്‍റെ മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് ഇതിന് മറുപടിയായി മുമ്പ് കെ.സി ജോസഫ് പറഞ്ഞതെങ്കിലും ഇക്കാര്യവും അന്വേഷിക്കണമെന്ന് തലശേരി വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - vigilance enquiry against k.c Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.