തിരുവനന്തപുരം: സർക്കാർ ഒാഫിസുകളിലെത്തുന്നവരെ ‘അഴകൊഴമ്പൻ’ന്യായങ്ങൾ പറഞ്ഞ് നടത്തിക്കുന്ന ജീവനക്കാരുടെ പതിവ് രീതി ഇനിയും തുടർന്നാൽ വിജിലൻസിെൻറ പിടിവീഴും. വൈകിയെത്തുകയും ഒപ്പിട്ട് മുങ്ങുകയും ചെയ്യുന്ന രീതിയും ജീവനക്കാർ മാറ്റുന്നതാകും ഉചിതം. ഇത്തരക്കാരെ കൈയോടെ പിടിക്കുന്നതുൾപ്പെടെ കൂടുതൽ അധികാരങ്ങൾ വിജിലൻസിന് നൽകി സർക്കാർ ഉത്തരവായി.
സർക്കാർ ഒാഫിസുകളെയും ജീവനക്കാരെയും സദാ നിരീക്ഷിക്കാനും ക്രമക്കേട് കണ്ടാലുടൻ നടപടി എടുക്കുന്നതുൾപ്പെടെ അധികാരങ്ങളാണ് ഇപ്പോൾ വിജിലൻസിന് ലഭ്യമാക്കിയിട്ടുള്ളത്. ജോലിസമയത്ത് അമിതമായി മൊബൈൽ ഉപയോഗിക്കുന്നവരും നിരീക്ഷണത്തിലായിരിക്കും. സർക്കാർ ഒാഫിസിൽ എത്തുന്നവർക്ക് സ്ഥിരം കേൾക്കേണ്ട മറുപടിയാണ് സെക്ഷനിൽ ആളില്ല എന്നത്. ആ സാഹചര്യം ഒഴിവാക്കുക എന്നതും നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. സെക്രേട്ടറിയറ്റ് ഉൾപ്പെടെയിടങ്ങളിൽ പഞ്ചിങ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജീവനക്കാരുടെ ഒാഫിസിലേക്കുള്ള വരവുംപോക്കും വിജിലൻസ് നിരീക്ഷിക്കും.
ഒാഫിസുകളിലെത്തുന്നവരോടുള്ള സർക്കാർ ജീവനക്കാരുടെ പെരുമാറ്റമാണ് മറ്റൊരു പ്രധാന പ്രശ്നം. ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാനും അധികാരം നൽകിയിട്ടുണ്ട്. മദ്യപിച്ച് ജോലിക്കെത്തുക, ഒാഫിസുകളിൽ പുകവലിക്കുക തുടങ്ങിയ ശീലങ്ങളുള്ള ജീവനക്കാരുണ്ട്. സമയംകളയാൻ ശീട്ടുകളി പോലുള്ള വിനോദത്തിലേർപ്പെടുന്നവരുണ്ട്. ഇത്തരത്തിലുള്ള ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നിർേദശം. ഹാജര്‍ പുസ്തകം, രജിസ്റ്ററുകൾ, ഡെയ്ലി രജിസ്റ്റർ, കാഷ്ബുക്ക്, പണത്തിെൻറ ഭൗതികപരിശോധന, ഓഫിസ് മാനുവൽ രേഖകളുടെ പരിശോധന തുടങ്ങിയ അധികാരങ്ങളും വിജിലൻസിന് നൽകിയിട്ടുണ്ട്.
അപേക്ഷകന് നിശ്ചിത സമയത്തിനുള്ളിൽ വിവരവും സേവനവും ലഭ്യമാക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്ന പരാതിയാണുള്ളത്. വിവിധ ഏജന്‍സികളും സ്കീമുകളും വഴി ലഭിക്കുന്ന ഫണ്ടുകളുടെ വിനിയോഗം നിരീക്ഷിക്കുക, സർക്കാർ തീരുമാനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന കാര്യം, വകുപ്പിലെ ഓഡിറ്റുകളുടെ പരിശോധന എന്നിവയെല്ലാം ഉറപ്പാക്കാനുള്ള അധികാരവും വിജിലൻസിനുണ്ടാകും. സർക്കാർ ഒാഫിസുകൾ അഴിമതിവിരുദ്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.