കോട്ടയം: നെല്ല് സംഭരണത്തിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് പാടത്തിറങ്ങിയതിനു പിന്നാലെ സംസ്ഥാനത്തെ നെല്ല് ഉൽപാദനത്തിൽ ഇടിവ്. അഞ്ച് വർഷത്തിനുശേഷം ആദ്യമായാണ് ഉൽപാദനം കുറയുന്നത്. കഴിഞ്ഞവർഷം 7.48 ലക്ഷം ടൺ നെല്ലായിരുന്നു സപ്ലൈകോ സംഭരിച്ചതെങ്കിൽ ഇത്തവണ 7.31 ലക്ഷം ടണ്ണായി കുറഞ്ഞു.
നെല്ല് സംഭരണത്തിൽ അഴിമതികളിൽ വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് അളവിലെ കുറവ്. ഇതോടെ ഉൽപാദനക്കണക്കുകളിൽ ‘പതിര്’ കലർന്നതായുള്ള സംശയം ബലപ്പെടുകയാണ്. 2018ലെ മഹാപ്രളയത്തിനുശേഷം സംസ്ഥാനത്ത് നെല്ല് ഉൽപാദനത്തിൽ വൻകുതിപ്പാണ് ഉണ്ടായത്. പ്രളയത്തിനു പിന്നാലെ ആദ്യമായി നെല്ല് ഉൽപാദനം ആറുലക്ഷം ടൺ കടന്നു.
ആ വർഷം (2018-19) 6.93 ലക്ഷം ടണ്ണായിരുന്നു ഉൽപാദനം. 2017-18ൽ 4.84 ലക്ഷം, 2016-17ൽ 4.52 ലക്ഷം, 2015-16ൽ 5.61 ലക്ഷം ടൺ എന്നിങ്ങനെയായിരുന്നു ഉൽപാദനം. പ്രളയത്തിൽ എക്കലുകൾ വലിയതോതിൽ വയലുകളിലേക്ക് എത്തിയതും തരിശുനിലങ്ങളിലടക്കം നെൽകൃഷി വർധിപ്പിച്ചതുമാണ് വർധനക്ക് കാരണമായി ചൂണ്ടിക്കാട്ടിയത്.ഇതിനുശേഷം തുടർച്ചയായ വർഷങ്ങളിൽ ഉൽപാദനം വർധിക്കുകയായിരുന്നു. എന്നാൽ, ഇത്തവണ (2022-23) കുറഞ്ഞു. വിജിലൻസ് ഇടപെടലാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ നെൽകൃഷിയില്ലാത്ത പാടങ്ങളിൽ കൃഷിയിറക്കിയതായി കൃത്രിമരേഖയുണ്ടാക്കി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് നെല്ല് സംഭരണത്തിനെത്തിക്കുന്നത് കണ്ടെത്തിയിരുന്നു. കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന നെല്ല് സപ്ലൈകോക്ക് ഉയര്‍ന്ന വിലയ്ക്ക് നല്‍കിയാണ് തിരിമറി നടത്തുന്നത്. പാടശേഖരങ്ങളില്‍നിന്ന് നെല്ലെടുക്കുന്ന കണക്കിലും തിരിമറികൾ നടത്തിയിരുന്നു. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നതായും ചില സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ‘ഉൽപാദനത്തിലുണ്ടായ ഇടിവ്‘ വിജിലൻസ് കണ്ടെത്തലുകൾ ശരിവെക്കുന്നതാണെന്ന വിലയിരുത്തലിലാണ് സപ്ലൈകോ പാഡി വിഭാഗവും.
തമിഴ്നാടിനോട് ചേർന്ന പാലക്കാട്ട് സംഭരണത്തിൽ കുറവുണ്ടായത് ഇതുകൊണ്ടാകാമെന്നും സപ്ലൈകോ പറയുന്നു. മറ്റ് ജില്ലകളിലെല്ലാം ഉൽപാദനം വർധിച്ചപ്പോൾ പാലക്കാട് മാത്രമാണ് കുറഞ്ഞത്. അടുത്തവർഷം കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 58,000 ടണ്ണിന്റെ കുറവാണ് ഉണ്ടായത്. ഇത്തവണ 2.92 ലക്ഷം ടണ്ണാണ് സംഭരണം. കഴിഞ്ഞവർഷം 3.50 ലക്ഷം ടണ്ണായിരുന്നു ഇത്.
കേരളത്തിൽ ഒരുകിലോ നെല്ല് 28.20 രൂപക്കാണ് സപ്ലൈകോ സംഭരിക്കുന്നത്. തമിഴ്നാട്ടിൽ 22 രൂപയിൽ താഴെയാണ് സംഭരണവില. ഇത് മുതലെടുത്താണ് എജന്റുമാരുടെ കള്ളക്കളി. തമിഴ്നാട്ടിലെ കർഷകരിൽനിന്ന് നെല്ല് വാങ്ങി കേരളത്തിലെത്തിച്ച് സപ്ലൈകോക്ക് കൈമാറും. ചില മില്ലുകളും ഇത്തരത്തിൽ കൂടുതൽ നെല്ല് വാങ്ങി സപ്ലൈകോയുടെ കണക്കിൽ ഉൾപ്പെടുത്തുന്നതായി വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർക്ക് ഇതുവരെ പൂർണമായി പണം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.