തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയക്കും. ഇതിനായി പാലക്കാട് നിന്ന് പിടിച്ചെടുത്ത ഫോൺ തിരുവനന്തപുരത്ത് എത്തിക്കും. ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഫോണിൽ നിന്ന് ലഭിക്കുമെന്നാണ് വിജിലൻസിന്റെ നിഗമനം.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ സംശയനിഴലിലാക്കിയ സ്വപ്ന സുരേഷിനും പി.സി. ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസ് പുതിയ സംഘം അന്വേഷിക്കുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിക്കുമെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ട്. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.ടി. ജലീലാണ് പരാതി നൽകിയത്.
സ്വർണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്ന മാധ്യമങ്ങളോട് സംസാരിച്ചതിന് തൊട്ടുപിന്നാലെ ഫ്ലാറ്റില്‍ നിന്ന് സരിത്തിനെ നാലംഗ സംഘം വാഹനത്തിൽ കൊണ്ടു പോയത്. ഇതേതുടർന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. ഇതോടെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഫ്ലാറ്റിലെത്തിയ പൊലീസ് സംഘം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ലൈഫ് മിഷന് കേസില്‍ വിജിലന്‍സ് സരിത്തിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.
വിജിലൻസ് കസ്റ്റഡിയിലെടുത്ത സരിത്തിനെ ഏറെനേരം ചോദ്യം ചെയ്തശേഷം വിട്ടയച്ചു. എന്നാൽ, സരിത്തിന്റെ ഫോൺ വിജിലൻസ് കസ്റ്റഡിയിലെടുത്തു. തന്നെ വിജിലൻസ് സംഘം ബലമായി പിടിച്ചു കൊണ്ടുപോയതാണെന്ന് സരിത്ത് പിന്നീട് പറഞ്ഞു. ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. അതിൽ കൈപ്പത്തിക്ക് പരിക്കേറ്റു. വാഹനത്തില്‍ കയറ്റിയ ശേഷമാണ് വിജിലൻസാണെന്ന് പറഞ്ഞത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചത്. ആരു നിർബന്ധിച്ചിട്ടാണ് സ്വപ്ന ഇതൊക്കെ പറഞ്ഞതെന്ന് ചോദിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഒരുകാര്യവും ചോദിച്ചില്ല. ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാതെയാണ് കൊണ്ടുപോയത്. പാലക്കാട് വിജിലൻസ് ഓഫിസിൽ എത്തിച്ച ശേഷമാണ് 16ന് ഹാജരാകണമെന്ന നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.