തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്ന സൂചന നൽകി ഡി.ജി.പി ജേക്കബ് തോമസ്. ആക്കുളത്ത് ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് വിജിലൻസ് ഡയറക്ടർ തുടരുമെന്ന സൂചന നൽകിയത്. തന്‍റെ നിലപാട് ജനകീയ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. വിജിലൻസ് ഒരാൾ മാത്രമല്ല. ഞാനില്ലെങ്കിലും അതിന്‍റെ പ്രവർത്തനം ശക്തമായി മുന്നോട്ട് പോകും. പദവിയിൽ തുടരുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പിന്നോട്ട് തള്ളിയില്ലെങ്കില്‍ മുന്നോട്ട് പോകുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറണമെന്ന നിലപാടില്‍ നിന്ന് പിന്നോക്കം പോകുന്നതിന്‍റെ സൂചനകള്‍ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയത്. കത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുമായും ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും മുഖ്യമന്ത്രി ചർച്ചകള്‍ നടത്തിയിരുന്നു.
കുറച്ച് കാലമെങ്കിലും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരണമെന്ന സര്‍ക്കാരിന്‍റെ നിർദേശം അംഗീകരിക്കുമെന്ന സൂചനകളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കുന്നത്.
രാവിലെ മുതല്‍ സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നടന്ന തിരിക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ജേക്കബ് തോമസുമായി ഫോണില്‍ സംസാരിച്ച് തുടരണമെന്ന ആവശ്യം അറിയിച്ചത്.
ഇപി ജയരാജന്‍ കേസില്‍ അന്വേഷണം നടക്കുന്ന സമയത്ത് വിജിലന്‍സ് ഡയറക്ടര്‍ സ്വയം പിന്മാറുന്നത് സര്‍ക്കാരിനെക്കുറിച്ചുള്ള തെറ്റായ ധാരണ ഉണ്ടാക്കുമെന്ന കാര്യം നളിനി നെറ്റോയും സൂചിപ്പിച്ചു. ഒപ്പം മറ്റൊരാളെ പെട്ടന്ന് വിജിലന്‍സ് തലപ്പത്ത് കണ്ടെത്തേണ്ട ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി. ഇതോടെ കുറച്ച് കാലത്തേക്കെങ്കിലും തുടരണമെന്ന ആവശ്യം ജേക്കബ് തോമസ് അംഗീകരിച്ചതായാണ് വിവരം. ചില ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജേക്കബ് തോമസ് ഉന്നയിച്ച പരാതികളില്‍ പരിഹാരം കാണുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.