വിലങ്ങാട് ഉരുള്‍പൊട്ടല്‍: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. വയനാടിന്റെ വിലാപം നമ്മുടെ ഉള്ളുലക്കുന്നതായിരുന്നു. സംസ്ഥനം ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണം.

പുറത്തറിഞ്ഞതിനേക്കാള്‍ വലിയ ദുരന്തമാണ് വിലങ്ങാട് സംഭവിച്ചത്. അതിന്റെ ആഴവും വ്യാപ്തിയും വളരെ വലുതാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞാന്‍ വിലങ്ങാട് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. എല്ലാവരുടേയും ശ്രദ്ധ വയനാട്ടില്‍ ആയിരുന്നു എന്നത് സ്വാഭാവികമാണ്. അതിനിടയില്‍ വിലങ്ങാടിനെ നമ്മള്‍ കാണാതെ പോകരുത് എന്ന് സതീശൻ പറഞ്ഞു.

24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായി എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍. തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണ്. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു.

21 വീടുകള്‍ പൂർണമായി തകര്‍ന്നു. നൂറ്റി അന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം. ദുരന്ത ബാധികര്‍ക്ക് അടിയന്തര സഹായം നല്‍കണം. കൃഷിനാശം അതിഭീകരമാണ്. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണം. കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്.

തേക്ക് കര്‍ഷകര്‍ ധാരാളമുള്ള സ്ഥലമാണ് വിലങ്ങാട്. കൃഷി വകുപ്പാണോ വനം വകുപ്പാണോ ഇവരുടെ നഷ്ടം നികത്തേണ്ടത് എന്ന കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കുന്നു. തേക്ക് കര്‍ഷകരുടെ നഷ്ടവും നികത്തണം. ഏഴ് പാലങ്ങള്‍ ഒലിച്ചു പോയി, നിരവധി റോഡുകള്‍ തകര്‍ന്നു. ഇവ അടിയന്തരമായി പുനര്‍നിർമിക്കണം.

വിലങ്ങാട് അങ്ങാടിയിലെ പാലം ബലഹീനമാണ്. ഈ പാലം കൂടി അടിയന്തരമായി പുനര്‍ നിർമിക്കണം .നാശനഷ്ടങ്ങളെ സംബന്ധിച്ച് വാണിമേല്‍ പഞ്ചായത്ത് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കൂടി മുഖ്യമന്ത്രിക്ക് നൽകി. 

Tags:    
News Summary - Vilangad Landslide: Opposition leader petitioned the Chief Minister demanding announcement of a special package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.