1980കളിൽ കുട്ടീസ് ഓർക്കസ്ട്രയുടെ പുഷ്കല കാലത്താണ് ഞാൻ ഫസീലയെ കാണുന്നത്. എന്റെ രചനയിൽ വി.എം. കുട്ടി മാഷും ഫസീലയും സംഘവും പാടിയ ‘അഹ്മദ് മുഹമ്മദ് പേരുവിളിച്ചാൽ ആകുമോ സത്യത്തിൽ നമ്മൾ മുസൽമാൻ’ പാട്ടിന്റെ റിഹേഴ്സൽ സമയം. അന്ന് ഫസീല എന്റെ അടുത്തുവന്ന് ‘ഇണ്ണ്യേ’ എന്നൊരു വിളി. എന്നെയായിരിക്കില്ല വിളിച്ചത് എന്നാണ് ഞാൻ ധരിച്ചത്. കാരണം, എനിക്ക് ഇണ്ണി എന്നൊരു പേരില്ലല്ലോ. ഞാൻ അവരെ നോക്കിയതൊന്നുമില്ല. എന്നാൽ, പിൻവാങ്ങാതെ ഫസീല വീണ്ടും വിളിച്ചു. അപ്പോൾ ഞാൻ അവരെ നോക്കി. നിങ്ങളെത്തന്നെയാണ് ഫസീല വിളിച്ചതെന്ന് തൊട്ടടുത്തുണ്ടായിരുന്ന സാജിദയുടെ സപ്പോർട്ടും വന്നു. അതോടെ എന്നെ അങ്ങനെ വിളിക്കാനുള്ള കാരണവും അവർ വെളിപ്പെടുത്തി.
പുല്ലങ്കോട് അബ്ദുൽ ഖാദറും ബാപ്പു വെള്ളിപറമ്പും വി.എം. കുട്ടി മാഷിനോടൊപ്പം സഹകരിച്ച് കുറെ പാട്ടുകൾ എഴുതിയിരുന്നു. പിന്നീട് പല തിരക്കുകളിൽപെട്ട് ഖാദർ തൽക്കാലം അതിൽനിന്ന് പിന്മാറി. ഖാദറിന് ഇണ്ണി എന്ന വിളിപ്പേരുണ്ടായിരുന്നു. ആ ഓമനപ്പേരാണ് ഫസീലയും സാജിദയും മറ്റുള്ളവരും എനിക്ക് പുതുതായി ചാർത്തിത്തന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്.
മാപ്പിളപ്പാട്ടിന്റെ മഹാറാണിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരേയൊരു പേരേയുള്ളൂ. അതാണ് വിളയിൽ ഫസീല. മാപ്പിളശീലുകൾ തനതുശൈലിയിൽ അവതരിപ്പിക്കാനുള്ള കഴിവ് മനസ്സിലാക്കി വി.എം. കുട്ടി കണ്ടെത്തി വളർത്തിയെടുത്ത ഈ ഗായികയുടെ ഏറ്റവും വലിയ കൈമുതൽ സ്വതസ്സിദ്ധമായ പുഞ്ചിരിയും ഉള്ളിൽനിന്ന് ഊർന്നിറങ്ങുന്ന വിനയവുമായിരുന്നു. പാട്ടുകാരെന്ന് അറിയപ്പെടുകയും എന്നാൽ, സ്വന്തമെന്ന് പറയാൻ പാട്ടുകളില്ലാതിരിക്കുകയും മറ്റുള്ളവർ പാടി ജനകീയമാക്കിയ പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ ഗായകരുടെ ദുരവസ്ഥ. ഇതിൽനിന്നെല്ലാം വ്യത്യസ്തയായിരുന്നു ഫസീല. സ്വന്തമായി കൈനിറയെ ഹിറ്റുകൾ. ‘ഹജ്ജിന്റെ രാവിൽ ഞാൻ’, ‘ഗുണമണിയായ റസൂലുല്ലാഹ്’, ‘കിരികിരി ചെരുപ്പുമ്മൽ’, ആമിനാബീവിക്കോമന മോനെ’, ‘പേർഷ്യയിലേക്കെന്നുരത്ത്’, ‘അശകൊത്ത പെണ്ണിനെ കണ്ടോളിൻ’, ‘കരിനീലക്കണ്ണുള്ള’, ‘മാസം പതിനേഴിന്ന്’, ‘കതിർകത്തും റസൂലിന്റെ’ അങ്ങനെയങ്ങനെ നീളുന്നു ആ നാദമാധുരിയുടെ പട്ടിക.
പി.ടി. അബ്ദുറഹ്മാൻ, പുല്ലങ്കോട് അബ്ദുൽഖാദർ, കെ.എസ്. ഖാദർ, ബാപ്പു വെള്ളിപറമ്പ്, കാനേഷ് പൂനൂര് തുടങ്ങി ഈ കുറിപ്പുകാരന്റെതുൾപ്പെടെ എണ്ണമറ്റ രചനകൾ ഗ്രാമഫോൺ റിക്കാഡ് മുതൽ ഇന്നലെ വരെയുള്ള എല്ലാ സംവിധാനങ്ങളിലൂടെയും അവതരിപ്പിച്ച് ഫസീല തന്റെ ആലാപന മികവ് തെളിയിച്ചിട്ടുണ്ട്. മൈലാഞ്ചി, 1921തുടങ്ങി ഏതാനും സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളൂവെങ്കിലും പാടിയവയെല്ലാം ഇന്നും ആസ്വാദകരുടെ മനസ്സിലും ചുണ്ടിലും മായാതെ കിടക്കുന്നുണ്ട്.
‘മാഞ്ഞാളക്കളിയെന്തിന് പെണ്ണേ’, ‘കുഞ്ഞാറ്റപൈങ്കിളിക്ക്’, ‘കർബല ചുടു ചോരക്കണ്ണീരൊഴുക്കുന്നു’, ‘സകറാത്തുൽ മൗത്തിന്റെ’, ‘മൊയ് ചൊല്ലുമെന്നെന്നോട്’, ‘മനതാരിൽ കിനാവുകൾ’, ‘അമ്പിയാക്കളിൽ രാജ സയ്യിദരെ’, ‘കടുകു വറുക്കും മിഴിയുള്ള’, ‘മണവാട്ടി പെണ്ണ് ചമഞ്ഞു’... കോഴിക്കോട് അബൂബക്കറും ചാന്ദ്പാഷയും കൃഷ്ണദാസുമെല്ലാം ഫസീലയുടെ സ്വരസൗകുമാര്യം പരമാവധി ഉപയോഗപ്പെടുത്തി പുതുപുത്തൻ ഈണങ്ങൾ നൽകി. പേരും പെരുമയും ഏറെയുണ്ടായിട്ടും അതിന്റെ ജാടയൊന്നുമില്ലാതെ ചെറിയവരോടും വലിയവരോടും ഒരുപോലെ, എളിമയിൽ പെരുമാറിയിരുന്നു ഫസീല.
‘പാടിപ്പാടിത്തളർന്നിട്ടൊരിക്കൽ,
പാഴ്മുളം തണ്ടും ഞാനും മരിക്കും’
അതേ, പാവാടപ്രായം മുതൽ പാടിപ്പാടിത്തളർന്ന് തന്റെ ദൗത്യം പൂർത്തിയാക്കി ആ പൂങ്കുയിൽ വിടചൊല്ലിയിരിക്കുന്നു, ആ വിസ്മയ നാദത്തിൽ ജീവൻ തുടിച്ച നൂറുനൂറ് വരികൾ നമുക്കായി ബാക്കിവെച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.