മലപ്പുറം: വി.എം. കുട്ടി മാഷിന്റെ പുളിക്കൽ ദാറുസ്സലാം വീട് അക്ഷരാർഥത്തിൽ മരണവീടായിരുന്നു ഇന്നലെ. പാട്ടിന്റെ ഗുരുകുലം തേടിവന്ന വിളയിൽ വത്സലയെന്ന ഫസീല ഈ വീട്ടിലെ അംഗംതന്നെയായിരുന്നു. അപ്രതീക്ഷിതമായ അവരുടെ വിയോഗത്തിന്റെ നോവിലാണ് ദാറുസ്സലാം വീട്. മാഷിന്റെ കുടുംബം ഒന്നടങ്കം ആ ദുഃഖവാർത്ത കേട്ട് കോഴിക്കോട് വെള്ളിപറമ്പിലെ ഫസീലയുടെ വീട്ടിലെത്തി. എട്ട് മക്കളുള്ള ഞങ്ങളുടെ കുടുംബത്തിലെ ഒമ്പതാമത്തെ മകളായിരുന്നു വത്സലയെന്ന് വി.എം. കുട്ടി മാഷിന്റെ മകൻ അഷ്റഫ് പറഞ്ഞു. തന്നെക്കാൾ രണ്ട് വയസ്സിന് മൂത്തതായിരുന്നു വത്സല. അവൾ ഗൾഫിൽ ഗാനമേളക്ക് പോയിത്തുടങ്ങിയ കാലത്ത് തിരിച്ചുവന്നപ്പോൾ സമ്മാനമായി കൊണ്ടുവന്ന വാച്ചാണ് തനിക്ക് ആദ്യമായി കിട്ടിയ വാച്ച്.
ഉമ്മ ആമിനക്കുട്ടി സ്വന്തം മോളായിത്തന്നെയാണ് വത്സലയെയും വളർത്തിയത്. വിവാഹം കഴിഞ്ഞ് വീട് വെക്കുന്നതുവരെ ഞങ്ങളുടെ വീട്ടിൽതന്നെയായിരുന്നു താമസം. അവരുടെ പിതാവും സഹോദരൻ നാരായണനുമൊക്കെ സ്ഥിരമായി വീട്ടിൽ വരും. അവൾ ഫസീലയായി മാറിയപ്പോഴും ബന്ധങ്ങളൊന്നും തകർന്നില്ല.
നോമ്പും പെരുന്നാളുമൊക്കെ മധുരമുള്ള അനുഭവമായിരുന്നു ഞങ്ങൾക്ക്. പെങ്ങളോടൊപ്പം നോമ്പ് നോൽക്കാനും വൈകീട്ട് നോമ്പുതുറയിൽ പങ്കുചേരാനുമൊക്കെ വലിയ ഇഷ്ടമായിരുന്നു വത്സലക്ക്. ഉമ്മ ഖുർആൻ ഓതുമ്പോൾ അവൾ കൗതുകത്തോടെ കേട്ടിരിക്കും. 20 വർഷം മുമ്പ് ഉമ്മ മരിച്ചപ്പോൾ ഞങ്ങളെപ്പോലെ സങ്കടമടക്കാനാവാതെ അവളും ദാറുസ്സലാമിലുണ്ടായിരുന്നു. വലിയ പാട്ടുകാരിയായി മാറിയപ്പോഴും ഞങ്ങളുടെ വീടുമായുള്ള ബന്ധം പൊന്നുപോലെ കാത്തു. ഉപ്പയുടെ പേരിൽ ഞങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരം സമ്മാനിച്ചത് ഫസീലക്കായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.