‘പാപം പേറുന്നോരീ യാത്രക്കാരി
പാവം കേവലയാം പാട്ടുകാരീ
പാടിപ്പാടിത്തളർന്നിട്ടൊരിക്കൽ
പാഴ്മുളം തണ്ടും ഞാനും മരിക്കും’
ഫസീലയുടെ കുഞ്ഞുസ്വരത്തിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നാം കേട്ട മനോഹരഗാനത്തിലെ അവസാന വരികൾ ആണിത്. ഒരു സംഭാഷണമധ്യേ ഫസീല പറഞ്ഞു: ‘ഞാൻ പാടിയതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്. ആമിന ബീവിക്കോമന മകനാം... എന്ന് തുടങ്ങുന്ന ഈ ഗാനം വളരെ കൊച്ചുകുട്ടിയായിരിക്കുമ്പോഴാണ് ഞാൻ പാടുന്നത്!
വിളയിൽ ഫസീലയെ ആദ്യമായി കാണുന്നത് ഞാൻ അഞ്ചാംതരത്തിൽ പഠിക്കുമ്പോഴാണ്. എന്റെ നാട്ടിൽ വി.എം. കുട്ടി മാഷോടൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിയിൽ പാടാൻ വന്നപ്പോൾ. ചെറുവാടി എന്ന കുഗ്രാമത്തിലെ പീടികക്കോലായിൽ മാഷോടൊപ്പം ഫസീല പാടി. അന്ന് വിളയിൽ വത്സലയായിരുന്നു അവർ. മാഷ് തന്നെയാണ് പെട്ടി വായിച്ചത്. ഹാർമോണിയം അല്ലാതെ മറ്റു ഉപകരണങ്ങൾ ഒന്നുമില്ല. കൂടുതലും വിപ്ലവഗാനങ്ങളാണ് പാടിയത്.
ആ കാലത്ത് ഒരു ബസ്പോലും വരാത്ത ഞങ്ങളുടെ നാട്ടിൽനിന്ന് രാത്രി തിരിച്ചുപോവുക അസാധ്യമായതിനാൽ കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഗുലാം ഹുസൈൻ-മറിയം ടീച്ചർ ദമ്പതികളുടെ വീട്ടിലാണ് അവർ അന്ന് താമസിച്ചത്.
പൊട്ടിപ്പൊളിഞ്ഞ മൈക്കിലൂടെ ആ കൊച്ചുഗായികയുടെ സ്വരമാധുരി ഒഴുകിവന്നപ്പോൾ ഞങ്ങളെല്ലാം അതിശയിച്ചുനിന്നുപോയി. വിളയിൽ വത്സലയിലൂടെ വി.എം. കുട്ടി മാഷിന്റെ ഗാനമേള സംഘം വളർന്നു. ഏറെ വൈകാതെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മറ്റൊരു പരിപാടിയിൽ എല്ലാ സംഗീതോപകരണങ്ങളുടെയും അകമ്പടിയോടെ വത്സല വീണ്ടും മാഷോടൊപ്പം ഞങ്ങളുടെ നാട്ടിൽ പാടാനെത്തി.
കുട്ടിക്കാലത്ത് ആരാധനയോടെ മനസ്സിൽ കുടിയിരുത്തിയ ആ ഗായികയെ പതിറ്റാണ്ടുകൾക്കിപ്പുറത്ത് ഞാൻ കണ്ടുമുട്ടി. ‘മാധ്യമ’ത്തിനുവേണ്ടി ഒരു ഫീച്ചർ തയാറാക്കാനാണ് വെള്ളിപറമ്പിലെ അവരുടെ വീട്ടിൽ ഞാൻ ചെല്ലുന്നത് -2012ൽ ആയിരുന്നു അത്.
അന്ന് അവർ വിളയിൽ ഫസീലയായിമാറിയിരുന്നു. ഉച്ചനേരത്ത് നമസ്കാരം കഴിഞ്ഞ് ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു അവർ. കുട്ടിക്കാലത്ത് ഞാൻ കണ്ട മുറിപ്പാവാടക്കാരിയായിരുന്നില്ല, പക്വതയേറിയ, ഹിജാബുകൊണ്ട് ശിരസ്സ് മറച്ച അമ്പതിനോടടുത്ത ഫസീലത്താത്ത.
‘വലിയ വലിയ ഗാനമേളകളിൽ പാടാനാവുമെന്നോ എച്ച്.എം.വി പോലെയുള്ള മ്യൂസിക് കമ്പനി തന്റെ പാട്ട് പുറത്തിറക്കുമെന്നോ സ്വപ്നം കാണാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു എന്റേത്’ -ഫസീല പറഞ്ഞു.
ആകാശവാണിയിൽ ബാലലോകം പരിപാടിയിൽ പാടാൻ കൊച്ചു ഗായികയെ അന്വേഷിച്ചുനടക്കുന്ന വി.എം. കുട്ടിയുടെ മുന്നിൽവത്സല എന്ന കൊച്ചുകുട്ടിയെ കൊണ്ടുവന്നത് അവരുടെ ടീച്ചർ സൗദാമിനിയാണ്. മാസ്റ്റർക്ക് പാടിക്കൊടുക്കാൻ ‘തേനൊഴുകുന്നൊരു നോക്കാലേ...’ എന്ന മാപ്പിളപ്പാട്ട് പഠിപ്പിച്ചുകൊടുത്തിരുന്നു നാട്ടുകാരായ ബാലകൃഷ്ണൻ, പ്രഭാകരൻ എന്നീ കലാകാരന്മാർ. പാട്ട് മാസ്റ്റർക്ക് ഇഷ്ടമായി. ബാലലോകത്തിൽ പാടി. 1970ലാണ് ആദ്യ സ്റ്റേജ് പ്രോഗ്രാം. കമ്യൂണിസ്റ്റ് പാർട്ടിയുടെ വേദിയായിരുന്നു. ഇ.എം.എസ്, എ.കെ.ജി തുടങ്ങി ഒട്ടേറെ മഹാരഥന്മാർ ഇരിക്കുന്ന വേദി. ‘വരിവരി വരികയായ് വിപ്ലവത്തിൻ കാഹളം മുഴക്കുവാൻ...’ എന്ന ഗാനമാണ് പാടിയത്.
’76ൽ കോഴിക്കോട്ട് എം.ഇ.എസ് സംഘടിപ്പിച്ച ആദ്യത്തെ മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാംസമ്മാനം നേടി. തുടർന്ന് നിരന്തരം പരിപാടികൾ. ഒട്ടേറെ പാട്ടുകൾ എം.എം.വിയും മറ്റും റിക്കാർഡുകളായി പുറത്തിറക്കി. ‘കിരികിരി ചെരുപ്പുമ്മൽ അണിഞ്ഞുള്ള പുതുനാരി...’ എന്നതാണ് ഫസീലയുടെ റെക്കോഡ് ചെയ്ത ആദ്യഗാനം. ‘ഈ പാട്ട് റെക്കോഡ് ചെയ്യുമ്പോൾ വളരെ ചെറിയ കുട്ടിയായിരുന്നു ഞാൻ. മൈക്ക് ആകാവുന്നിടത്തോളം താഴ്ത്തിയിട്ടും ശരിയാകാത്തതിനാൽ സ്റ്റൂൾ ഇട്ട് അതിന് മുകളിൽ കയറിനിന്നാണ് പാടിയത് -ഫസീല ഓർത്ത് പറഞ്ഞു.
ഫസീലയുടെ പ്രശസ്തി ഏറെ ഉയർന്നു. ഫസീലയായി വി.എം. കുട്ടിയുടെ സംഘത്തിന്റെ ജീവനാഡി. 15ാം വയസ്സിൽ ആദ്യ ഗൾഫ് യാത്ര . പ്രവാസികളുടെ ഹൃദയത്തിൽ കനൽ കോരിയിട്ട ‘കത്തുപാട്ട്’ ആദ്യമായി മലയാളി കേട്ടത് ഫസീലയുടെ ശബ്ദത്തിലാണ്. ഈഗാനം ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രശസ്തമായി. പി.ടി. അബ്ദുറഹ്മാൻ എഴുതിയ ‘കടലിന്റെ ഇക്കരെ വന്നോരേ, ഖൽബുകൾ വെന്ത് കരിഞ്ഞോരേ...’ എന്ന ഗാനം പ്രവാസികളുടെ ഹൃദയത്തിൽ ഒരു നൊമ്പരമായി തങ്ങിനിന്നു.
‘മാവിന്റെ കൊമ്പത്ത് വന്നിരുന്ന്
കാക്ക വിരുന്ന് വിളിച്ചീടുമ്പോൾ
ബാപ്പ വരും മോനേ എന്നു പറയുന്ന
ബീടരെപ്പറ്റി നീ ഓർക്കാറുണ്ടോ’
എന്ന വരികൾ ഗൾഫുകാരുടെയും അവരെ കാത്തിരിക്കുന്ന കുടുംബത്തിന്റെയും വിരഹവേദനയുടെ യഥാർഥ ചിത്രമായിരുന്നു.
25ാംവയസ്സിലാണ് വത്സല ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം ഭക്തിഗാനങ്ങളാണ് തന്നെ ഇസ്ലാമിലേക്ക് ആകർഷിച്ചതെന്ന് ഫസീല അന്നെന്നോട് പറഞ്ഞു. പ്രവാചകനെക്കുറിച്ചുള്ള ‘ആമിനാ ബീവിക്കോമന മോനേ...’ ‘ഖല്ലാക്കായുള്ളോനെ...’ ‘കതിർകത്തിനിൽക്കും കഅ്ബത്തെ...’ തുടങ്ങിയ ഗാനങ്ങൾ ഏറെ ഭക്തിയോടെയായിരുന്നു എപ്പോഴും പാടാറ്. മക്കയും മദീനയും കാണാൻ മനസ്സ് വല്ലാതെ വെമ്പിയിരുന്നു.
വി.എം. കുട്ടി മാസ്റ്ററുടെ വീടുമായുള്ള അടുപ്പവും ഇസ്ലാമിലേക്ക് ആകർഷിക്കാൻ കാരണമായി. മാസ്റ്ററുടെ ഭാര്യ വെള്ള വസ്ത്രമണിഞ്ഞ് ഭക്തിയോടെ പ്രാർഥന നടത്തുമ്പോൾ ഞാനത് നോക്കിയിരിക്കും. അങ്ങനെ പ്രാർഥിക്കാൻ ഞാൻ ആഗ്രഹിച്ചു -ഫസീല ഓർത്തെടുത്തു.
‘ഹജ്ജിന്റെ രാവിൽ ഞാൻ
കഅ്ബം കിനാവ് കണ്ട്
ശജറത്ത് പൂത്ത സുബർക്കത്തിൻ
വാതില് കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗളുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം’
വരികൾ മോഹങ്ങളായി. മോഹങ്ങൾ പ്രാർഥനകളായി. ആത്മീയമായ മോഹങ്ങൾ സാക്ഷാത്കൃതമായി. പാടിപ്പാടിത്തളരും മുമ്പുതന്നെ ഫസീല യാത്രയായി.ശജറത്ത് പൂത്ത സുബർക്കത്തിൻ
വാതില് കണ്ട്
ജന്നാത്തുൽ ഫിർദൗസിൽ ചേരാൻ എനിക്ക് മോഹം
ഹൗളുൽ കൗസർ കുടിക്കാൻ എനിക്ക് ദാഹം’
വരികൾ മോഹങ്ങളായി. മോഹങ്ങൾ പ്രാർഥനകളായി. ആത്മീയമായ മോഹങ്ങൾ സാക്ഷാത്കൃതമായി. പാടിപ്പാടിത്തളരും മുമ്പുതന്നെ ഫസീല യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.