തിരുവനന്തപുരം: വാഹനച്ചെലവ് അപേക്ഷകന്റെ കീശയിൽനിന്ന് ഈടാക്കുന്ന വില്ലേജ് ഓഫിസ് ജീവനക്കാരുടെ പതിവ് ശൈലി ഇനി നടക്കില്ല. വില്ലേജ് ഓഫിസുകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ, വിജിലൻസ് ഡയറക്ടർ അയച്ച ശിപാർശയിലാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഈ തീരുമാനം.
വില്ലേജ് ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ പലതിലും സ്ഥലപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകേണ്ടവയാണ്. സ്ഥലപരിശോധനക്ക് പോകാൻ വില്ലേജ് ഓഫിസുകളിൽ വാഹനം ഇല്ലാത്തതിനാൽ അതിന്റെ ചെലവിനുള്ള പണം അപേക്ഷകനിൽനിന്ന് ഈടാക്കുന്നത് പതിവാണ്. ഈ കീഴ്വഴക്കം അവസാനിപ്പിക്കണമെന്നാണ് വിജിലൻസ് റവന്യൂ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിലേക്ക് വാഹന സൗകര്യം ഒരുക്കുമെന്ന് പലതവണ സർക്കാർ പ്രഖ്യാപിക്കുകയും അതിനുള്ള ശിപാർശയുണ്ടാവുകയും ചെയ്തെങ്കിലും നടപടിയുണ്ടാകാത്തത് പലർക്കും തുണയായി.
സേവനാവകാശ നിയമപ്രകാരം സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകണമെന്നും ഒരിക്കൽ നൽകിയ ജാതി, നേറ്റിവിറ്റി, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ നിശ്ചിതകാലത്തേക്ക് വെബ്സൈറ്റിൽനിന്ന് നേരിട്ട് ലഭിക്കാൻ സംവിധാനം വേണമെന്നുമുള്ള ശിപാർശകളിലും റവന്യൂ വകുപ്പ് നിർദേശം നൽകി. ഓൺലൈൻ അപേക്ഷകളിൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ആവശ്യക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം.
ഇ-ഡിസ്ട്രിക്ട് പോർട്ടൽവഴി വിവിധ സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കുമുള്ള അപേക്ഷകളിൽ അപാകതയോ രേഖകളുടെ കുറവോ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ നേരിട്ട് ചെന്നോ ഫോണിലൂടെയോ അപേക്ഷകരെ വിവരം അറിയിക്കണം. റവന്യൂ വകുപ്പിൽനിന്നുള്ള 24 സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴിയും വിവിധ സേവനങ്ങൾ വകുപ്പിന്റെ പോർട്ടൽ വഴിയുമാണ് നൽകുന്നത്.
എങ്കിലും പല അപേക്ഷകളിലും അപാകതകൾ ചൂണ്ടിക്കാട്ടി അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇത് അഴിമതിക്ക് ഇടയാക്കുന്നതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഇത് ഒഴിവാക്കാനുള്ള വിജിലൻസിന്റെ ശിപാർശയും റവന്യൂ വകുപ്പ് അംഗീകരിച്ചു. മുൻഗണനാക്രമം മറികടന്ന് അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും നേരിട്ട് ലഭിക്കുന്നവ രജിസ്റ്ററിൽ രേഖപ്പെടുത്തുകയോ രസീത് നൽകുകയോ ചെയ്യുന്നില്ലെന്നും വിജിലൻസ് കണ്ടെത്തിയെങ്കിലും ഇതിലെ നടപടി വ്യക്തമാക്കിയിട്ടില്ല. താലൂക്കിൽനിന്ന് ന്യൂനതകൾ പരിഹരിക്കാൻ വില്ലേജിലേക്ക് അയക്കുന്ന അപേക്ഷകൾ കെട്ടിക്കിടക്കുന്നു.
ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ തീർപ്പാക്കിയ ഫയലുകളുടെ വിവരങ്ങളില്ല തുടങ്ങിയ കാര്യങ്ങളിലും അടിയന്തര പരിഹാരം നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.