മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ലഹരിക്കുമെതിരായ ബോധവത്കരണത്തിനായി ആവിഷ്കരിച്ച 'വിമുക്തി' പദ്ധതി പരാധീനതകളിൽ ഉഴറുന്നു. ഏറ്റവും മികച്ച പ്രവർത്തനം ആവശ്യമായ ഈ കാലഘട്ടത്തിൽ പല വിമുക്തി കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യമില്ലാത്ത അവസ്ഥയുണ്ട്.
ചില കേന്ദ്രങ്ങളെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലും വിപുലീകരണം മന്ദഗതിയിലാണ്. 2016 ഒക്ടോബർ ആറിനാണ് 'വിമുക്തി' പദ്ധതിക്ക് തുടക്കമായത്. സര്‍ക്കാറും എക്സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ലഹരിവിമുക്ത ചികിത്സ കേന്ദ്രങ്ങളും ജില്ലകളിലുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിലെ സർക്കാർ ആശുപത്രികളിലും 'വിമുക്തി'യുടെ ചികിത്സ കേന്ദ്രങ്ങളുണ്ട്.
തിരുവനന്തപുരത്ത് കേമം; വിപുലീകരണമില്ല
തലസ്ഥാന ജില്ലയിൽ വിമുക്തി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന ശിപാർശ അധികബാധ്യത ചൂണ്ടിക്കാട്ടി ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. ചിറയിൻകീഴ്, പാലോട് എന്നിവിടങ്ങളിൽ രണ്ട് വിമുക്തി കേന്ദ്രങ്ങൾ കൂടി ആരംഭിക്കണമെന്ന ശിപാർശയാണ് സമർപ്പിച്ചത്.
നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയുമായി ബന്ധപ്പെട്ടാണ് ജില്ലയിലെ വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്. 2018ലാണ് കേന്ദ്രം ആരംഭിച്ചത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഏഴായിരത്തോളം പേർ ചികിത്സ തേടി.
കൊല്ലത്ത് ഒരുകേന്ദ്രം മാത്രം
പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്കാശുപത്രിയോട് ചേർന്നാണ് കൊല്ലം 'വിമുക്തി മിഷനി'ലെ ഏക ലഹരി വിമോചന കേന്ദ്രം പ്രവർത്തിക്കുന്നത്. കിടത്തി ചികിത്സക്കുള്ള സൗകര്യം ഉൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഇവിടെയുണ്ട്. സെപ്റ്റംബറിൽ 45 പേർ ചികിത്സ തേടിയെത്തി. യുവാക്കളാണ് കൂടുതലും ചികിത്സക്കെത്തുന്നത്. പ്രവർത്തനത്തിനാവശ്യമായതെല്ലാം കേന്ദ്രത്തിലുണ്ട്.
ഇടുക്കി: പരിമിതം കിടത്തിച്ചികിത്സ
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരിമോചന കേന്ദ്രത്തിൽ എത്തുന്നവരുടെ എണ്ണം വർധിക്കുമ്പോഴും ഇതിനനുസരിച്ച് കിടത്തിച്ചികിത്സക്കുള്ള സൗകര്യമില്ലാത്തത് വെല്ലുവിളി. 10 കിടക്ക മാത്രമുള്ള ഇവിടെ മൂന്ന് വർഷത്തിനിടെ 3000 പേർക്ക് കിടത്തിച്ചികിത്സ നൽകിയിട്ടുണ്ട്. പുരുഷന്മാർക്കുമാത്രമേ കിടത്തിച്ചികിത്സാ സൗകര്യമുള്ളൂ. ഇപ്പോഴുള്ളതിനുപുറമെ പുരുഷന്മാർക്ക് അഞ്ച് കിടക്കയും സ്ത്രീകൾക്കും കുട്ടികൾക്കും പുതുതായി അഞ്ചുകിടക്ക വീതവും ഉണ്ടെങ്കിലേ നിലവിൽ അധികം ബുദ്ധിമുട്ടില്ലാതെ ഇവിടെയെത്തുന്നവർക്ക് ചികിത്സ തേടാൻ കഴിയൂ. തൊടുപുഴ ജില്ല ആശുപത്രിയിലും കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, പീരുമേട് എന്നീ താലൂക്ക് ആശുപത്രികളിലും ഒ.പി, കൗൺസലിങ് സേവനങ്ങളും വിമുക്തിമോചന കേന്ദ്രത്തിലൂടെ നിലവിൽ നൽകുന്നുണ്ട്.
എറണാകുളത്ത് സ്വന്തം കെട്ടിടമില്ല
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിലൂടെ മൂന്നര വർഷത്തിനിടെ ചികിത്സ തേടിയത് 7423 പേർ. 10 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. കൂടുതൽപേർ എത്തുന്നതിനാൽ വിപുലീകരണം അനിവാര്യമാണ്. സ്വന്തം കെട്ടിടമില്ലാത്തതിനാൽ കോവിഡ് കാലത്ത് പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നിരുന്നു. എറണാകുളം എക്സൈസ് ഡിവിഷനല്‍ ഓഫിസില്‍ കൗണ്‍സലിങ് സേവനവും നല്കിവരുന്നു.
കാസർകോട്ട് മികച്ച പ്രവർത്തനം
നാലുവർഷത്തിനകം 4,000 പേർ ചികിത്സ തേടിയ കാസർകോട്ടെ ഡി അഡിക്ഷൻ സെന്റർ നന്നായി പ്രവർത്തിക്കുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയോടുചേർന്ന് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ് തസ്തിക മാത്രമാണ് ഒഴിവുള്ളത്. പലതവണ വിജ്ഞാപനം നടത്തിയിട്ടും യോഗ്യരെ ലഭിക്കാത്തതാണ് കാരണം. 2018 മുതൽ ഈ വർഷം സെപ്റ്റംബർ വരെ 3965 പേർ ചികിത്സ തേടി. 344 പേരാണ് കിടത്തിച്ചികിത്സ തേടിയത്.
വയനാട്ടിൽ ഒരനക്കവുമില്ല
സൈക്യാട്രിസ്റ്റും ഡോക്ടറും ഇല്ലാതെ സുൽത്താൻ ബത്തേരി പഴയ താലൂക്ക് ആശുപത്രിയിലെ വയനാട് ജില്ല വിമുക്തി കേന്ദ്രം പ്രവർത്തനരഹിതം. ഇതിനിടെ സ്ഥാപനം ഇവിടെനിന്ന് മാനന്തവാടിയിലേക്ക് മാറ്റാനുള്ള നീക്കവും സജീവമായിട്ടുണ്ട്. കൽപറ്റയിലായിരുന്ന കേന്ദ്രം സുൽത്താൻ ബത്തേരിയിലേക്ക് മാറ്റിയത് കഴിഞ്ഞ മാർച്ചിലാണ്. 10 പേർക്കാണ് കിടത്തിച്ചികിത്സ സൗകര്യമുള്ളത്. സൈക്യാട്രിസ്റ്റ് ഇല്ലാതെ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് വിമുക്തി ജില്ല ഓഫിസറുടെ ചുമതല വഹിക്കുന്ന എക്സൈസ് വകുപ്പിലെ പി.ജി. ടോമി പറഞ്ഞു.
പാലക്കാട്: എത്തിപ്പെടാനാവില്ല
അതിർത്തി കേന്ദ്രീകരിച്ച് ലഹരിയൊഴുക്കും സ്കൂളുകളിലടക്കം ലഹരി വസ്തുക്കളുടെ വ്യാപാരവും പൊടിപൊടിക്കുമ്പോഴും കോടികൾ ചെലവിട്ട് സജ്ജീകരിച്ച ഉദ്യോഗസ്ഥ സംവിധാനവും കെട്ടിടങ്ങളും നോക്കുകുത്തിയാവുകയാണ്. രണ്ടുവർഷം മുമ്പ് കഞ്ചിക്കോട് ചെല്ലംകാവ് ആദിവാസി കോളിനിയിൽ വ്യാജമദ്യം കഴിച്ച് അഞ്ച് ആളുകൾ മരിച്ചപ്പോഴാണ് പദ്ധതി സമൂഹത്തിൽ ചർച്ചയായത്.
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയിലാണ് ജില്ലയിലെ ഡി അഡിക്ഷന് കേന്ദ്രം പ്രവർത്തിക്കുന്നത്. പ്രവർത്തനം സജീവമാണെങ്കിലും വിദൂര മേഖലയിലുള്ള കേന്ദ്രത്തിലേക്ക് എത്തുന്നതിന് പലരും വിമുഖത കാണിക്കുകയാണെന്ന് അധികൃതർ തന്നെ പറയുന്നു.
തൃശൂരിൽ കിടത്തിച്ചികിത്സ അപര്യാപ്തം
തൃശൂർ ജില്ലയിൽ കിടത്തിച്ചികിത്സയുള്ളത് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഒരുക്കിയ ഡി അഡിക്ഷൻ സെന്ററിൽ മാത്രം, അതും 10 കിടക്കയിൽ ഒതുങ്ങുന്നു. ദിവസവും നിരവധി പേർ എത്തുന്നതിനാൽ മുൻഗണന ക്രമത്തിലാണ് പ്രവേശനം.
കേന്ദ്രത്തിൽ സൈക്യാട്രിസ്റ്റിന്റെ അഭാവം പോരായ്മയാണ്. ഇതിനിടെ ഒരു സൈക്യാട്രിസ്റ്റ് ആഴ്ചയിൽ രണ്ടുദിവസം സ്വമേധയ സേവനത്തിന് എത്തുന്നത് നേരിയ ആശ്വാസമാണ്. സ്കൂളുകൾ, കോളജുകൾ, തദ്ദേശ സഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവത്കരണം നടത്താൻ വേണ്ടത്ര ഉദ്യോഗസ്ഥർ എക്സൈസിനില്ല.
കോഴിക്കോട്ട് കൊള്ളാം, ഇനിയും വേണം കേന്ദ്രങ്ങൾ
2018ൽ വിമുക്തി ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിച്ച കോഴിക്കോട്ട് 2020നുശേഷം ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. കോഴിക്കോട് ജില്ല ആശുപത്രിയോടുചേർന്ന് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ പ്രതിമാസം 200 പേർ എത്തിയിടത്ത് ഇപ്പോൾ 300 ആയി. നിലവിൽ 14 പേർക്ക് കിടത്തിച്ചികിത്സാ സൗകര്യമാണ് ഇവിടെയുള്ളത്. തിരക്കുകാരണം ജില്ലയിൽ രണ്ട് കേന്ദ്രങ്ങൾകൂടി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
മതിയായ ജീവനക്കാരില്ലാതെ മലപ്പുറം
നിലമ്പൂർ ഗവ. ജില്ല ആശുപത്രിയിലെ വിമുക്തി മിഷനിലാണ് മലപ്പുറത്തെ ഏക ലഹരിമുക്ത കേന്ദ്രം പ്രവർത്തിക്കുന്നത്. സെന്ററിൽ എട്ടു ജീവനക്കാർ മാത്രമാണുള്ളത്. സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഇടക്കിടെ പ്രധാന തസ്തികകളിൽപോലും ആളില്ലാതാവുന്നത് സെന്ററിന്റെ പ്രവർത്തനം മുടക്കുന്നു. അവശ്യ സൗകര്യങ്ങളില്ലാത്തതും പോരായ്മയാണ്. അക്രമവാസനയുള്ള രോഗികളെ പരിചരിക്കാനുള്ള സൗകര്യം ഇനിയും ഇവിടെ ഒരുക്കിയിട്ടില്ല.
കണ്ണൂരിൽ മെഡിക്കൽ ഓഫിസറില്ല; കിടത്തിച്ചികിത്സയുമില്ല
പയ്യന്നൂരിലുള്ള കണ്ണൂർ ജില്ല വിമുക്തി ലഹരിമുക്ത കേന്ദ്രത്തിൽ കിടത്തിച്ചികിത്സ മുടങ്ങിയിട്ട് രണ്ടുമാസത്തിലേറെ. മെഡിക്കൽ ഓഫിസർ സ്ഥലംമാറിപ്പോയതിനെ തുടർന്നാണ് മുടങ്ങിയത്. പകരം ഡോക്ടർ ചുമതലയേറ്റിട്ട് ഒരാഴ്ചയായതേയുള്ളൂ. കിടത്തിച്ചികിത്സ തുടങ്ങാൻ ഇനിയും ഒരാഴ്ചയെങ്കിലും പിടിക്കും. അത്യാവശ്യമുള്ളവർക്ക് കൗൺസലിങ് മാത്രമാണ് നിലവിൽ കേന്ദ്രത്തിലുള്ളത്. അക്രമാസക്തമായതും കിടത്തിച്ചികിത്സ ആവശ്യമുള്ളതുമായ രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയാണ്.
ജില്ല ആശുപത്രിയിലെ ഡീ അഡിക്ഷൻ വാർഡ് പൂട്ടിയിട്ട് രണ്ടു വർഷത്തിലേറെയായി. കോവിഡിന്റെ തുടക്കകാലത്താണ് മെയിൽ വാർഡിനോടു ചേർന്നുള്ള കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചത്. ആകെയുള്ള സൈക്യാട്രിസ്റ്റ് സ്ഥലംമാറിപ്പോയതോടെയാണ് സെന്റർ നിർത്തേണ്ടിവന്നത്. പകരം ആളെ നിയമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.