കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉപഹാരമായി ലഭിച്ച ഐ ഫോൺ ഉപയോഗിച്ചു എന്ന ആരോപണത്തിൽ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ചോദ്യംചെയ്യും. അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു.
ലൈഫ് മിഷൻ പദ്ധതിക്ക് കരാർ ലഭിക്കുന്നതിന് നിർമാണ കമ്പനിയായ യൂനിടാകിെൻറ എം.ഡി സന്തോഷ് ഈപ്പനാണ് പലർക്കും ഐ ഫോണുകൾ കൈമാറിയത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ നിർദേശപ്രകാരമായിരുന്നു ഇത്. ഫോൺ നൽകിയത് സന്തോഷ് ഈപ്പൻ തന്നെ ഹൈകോടതിയിൽ വെളിപ്പെടുത്തിയിരുന്നു.
ഈ ഐഫോണുകളിലൊന്ന് ഉപയോഗിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരിയാണെന്ന് കസ്റ്റംസ് പറഞ്ഞു. 1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചത്. വിനോദിനിക്ക് ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.
ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച ്സിംകാർഡും കസ്റ്റംസ് കണ്ടെത്തിയെന്നാണ് വിവരം. സന്തോഷ് ഈപ്പനെ ഫോണിൽ നിന്ന് വിനോദിനി വിളിച്ചിരുന്നതായും കസ്റ്റംസ് പറയുന്നു.
സ്വർണക്കടത്ത് വിവാദമാകും വരെ വിനോദിനി ഐഫോൺ ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് പറയുന്നത്. കോൺസൽ ജനറലിന് നൽകിയ ഐഫോൺ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്നതും കസ്റ്റംസ് പരിശോധിക്കും.
ലൈഫ ്മിഷൻ കരാർ ലഭിക്കുന്നതിന് കോഴ നൽകിയതായി സന്തോഷ് ഈപ്പന്‍റെ മൊഴിയുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി വാങ്ങി നൽകിയ മൊബൈൽ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ്മ, ജിത്തു, പ്രവീൺ എന്നിവർക്ക് ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺസുൽ ജനറലാണ് ഐഫോൺ വിനോദിനിക്ക് കൈമാറിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
യു.എ.ഇ കോൺസൽ ജനറലിന് ഫോൺ സമ്മാനിച്ചതായി വിവരങ്ങൾ പുറത്തുവന്നെങ്കിലും അദ്ദേഹം അത് തിരികെ നൽകിയതായി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.