നടുവിൽ (കണ്ണൂർ): ഒടുവള്ളിതട്ടിലുള്ള ചെങ്ങറ കോളനിയിൽ സി.പി.എം നേതൃത്വത്തിൽ അതിക്രമം നടത്തുന്നതായി കോളനിവാസികളുടെ പരാതി. എട്ടുവർഷത്തോളം സമരം ചെയ്ത് നേടിയ ഭൂമിയിൽ സൗര്യ ജീവിതം നയിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് പടിക്കൽ ഉപവാസസമരം ആരംഭിച്ചിരിക്കുകയാണ് പത്തോളം കുടുംബങ്ങൾ.
ഇതിനിടെ, സമരത്തിൽ പങ്കെടുക്കുന്ന കോളനിവാസിയായ വെൽഫെയർ പാർട്ടി പ്രവർത്തകൻ കൃഷ്ണൻകുട്ടിയുടെ ഓട്ടോറിക്ഷ വെള്ളിയാഴ്ച രാത്രി അക്രമികൾ അഗ്നിക്കിരയാക്കി. നേരത്തെ കോളനിയിൽ വിഷയം അന്വേഷിക്കാനെത്തിയ വെൽഫെയർ പാർട്ടിയുടെ രണ്ട് ജില്ലാ നേതാക്കളെ സി.പി.എം പ്രവർത്തകർ മർദിക്കുകയും ചെയ്തിരുന്നു.
പത്തോളം കുടുംബങ്ങൾ ആണ് ചെങ്ങറ കോളനിയിൽ താമസിക്കുന്നത്. കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റും വിൽപനയും നടക്കുന്നത് മൂലം സന്ധ്യകഴിഞ്ഞാൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് പ്രേദശം. ലോക് ഡൗൺ കാലയളവിൽ ഇത് വർധിച്ചതോടെ പരാതിയുമായി ചെങ്ങറ കോളനിവാസികൾ പൊലീസിനെയും എക്സൈസിനയും സമീപിച്ചതാണ് സാമൂഹവിരുദ്ധർ കോളനി വാസികൾക്ക് എതിരെ തിരിയാൻ കാരണം. സി.പി.എമ്മിലെ ഒരു വിഭാഗം ഇവർക്ക് പിന്തുണ നൽകുന്നതായും കോളനിവാസികൾ ആരോപിക്കുന്നു. പാർട്ടി സമ്മർദം കാരണം പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ പറയുന്നു.
ചെങ്ങറ കോളനിയിൽ തന്നെ താമസിക്കുന്ന സി.പി.എം അനുഭാവിയുടെ വീട് കേന്ദ്രീകരിച്ചാണ് വ്യാജ വാറ്റ് നടക്കുന്നതത്രെ. എക്സൈസ് സംഘം റെയ്ഡ് നടത്തി വ്യാജവാറ്റും ഉപകരണങ്ങളും കണ്ടെത്തിയെങ്കിലും ആരെയും പിടികൂടിയിരുന്നില്ല. വ്യാജവാറ്റിനെതിരെ പരാതി നൽകിയ കോളനിയിലെ വിജയനെ കഴിഞ്ഞയാഴ്ച ഒരുസംഘം മർദിച്ചു. വിജയൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
തുടർന്ന് കഴിഞ്ഞ മാസം 30ന് കോളനിവാസികളായ ഒമ്പതോളം പേർ ജില്ല കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നേരിട്ട് പരാതി നൽകി. തിരികെ കോളനിയിലേക്ക് ഒറ്റക്ക് പോകാൻ ഭയമുണ്ടെന്ന് കോളനിവാസികൾ അറിയിച്ചതിനെ തുടർന്ന് കൂടെപോയി തിരികെ വരുേമ്പാഴാണ് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.പി. മുനീർ, നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് സി.എച്ച്. മൂസാൻ ഹാജി എന്നിവരെ മർദിച്ചത്. തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് കോളനിവാസികൾ വെള്ളിയാഴ്ച രാവിലെ മുതൽ കലക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്.
സി.പി.എം പ്രാദേശിക പ്രവർത്തകരിൽ നിന്നാണ് ഭീഷണിയും അക്രമവും ഉണ്ടാകുന്നതെന്ന് കോളനിവാസികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ ഒത്താശയോടെയാണ് അക്രമം തുടരുന്നത്. 12 വർഷമായി ഇവിടെ താമസമാക്കിയ 10ൽ എട്ട് കുടുംബങ്ങളാണ് ജീവഭയത്താൽ ചകിതരായി കഴിയുന്നത്. നിരവധിതവണ വിവിധങ്ങളായ പീഡനമുറകളിലൂടെ മാനസികമായും ശാരീരികമായും ഉപദ്രവമേറ്റ് കഴിയുകയാണ്. പുരുഷന്മാരെ നിരന്തരം ആക്രമിക്കുന്നു. സ്ത്രീകൾക്കുനേരെ അസഭ്യവർഷവും നിത്യ സംഭവമായി മാറി. കൂലിവേല ചെയ്ത് ഉപജീവനം കണ്ടെത്തുന്ന കോളനിവാസികൾക്ക് സ്വൈര ജീവിതം ഉറപ്പുവരുത്താൻ ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ പലതവണ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകുന്നില്ല. പ്രതികൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണ്. അടുത്തകാലത്തായി ഇവർ കോളനിയിലെ ഒരുകുടംബത്തെ ഉപയോഗിച്ച് വ്യാപകമായി വ്യാജവാറ്റ് നടത്തിവരുകയാണ്.
എക്സൈസ് സംഘം റെയ്ഡ് നടത്തിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. ഇതുകാരണം ഇപ്പോഴും വ്യാജവാറ്റ് നിർബാധം തുടരുകയാണ്. കോളനിയിലേക്ക് മടങ്ങിച്ചെന്നാൽ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യത്തിൽ, ഇൗ മനുഷ്യാവകാശ ലംഘനങ്ങൾക്ക് അറുതിവരുത്തുന്നതിന് കോളനി പരിസരത്ത് മുഴുസമയ പൊലീസ് പോസ്റ്റ് സ്ഥാപിക്കുക, ഗുണ്ടാവിളയാട്ടം നടത്തുന്നവർക്കെതിരെ കേസെടുത്ത് നിയമ നടപടികൾ കർശനമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ചെങ്ങറ കോളനിവാസികൾ കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയത്.
അതേസമയം, വിഷയത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി.എം പറഞ്ഞു. പുറത്തുനിന്ന് ആളുകൾ എത്തിയതിനെ ചൊല്ലിയുള്ള തർക്കവും കലഹവും ആണ് കോളനിയിൽ നടന്നത്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണം. വിഷയം ഏറ്റെടുക്കാനോ സംരക്ഷിക്കുവാനോ സി.പി.എം തയ്യാറാകില്ലെന്നും ഏരിയ കമ്മിറ്റി അംഗം രവീന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.