തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല തിങ്കളാഴ്ച ശിക്ഷ വിധിക്കും. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) പ്രതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 449 വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും അടിസ്ഥാനപ്പെടുത്തിയാണ് കോടതി വിധി പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ കോടതിയിൽ വിഷ്ണുപ്രിയ കൊലക്കേസാണ് ആദ്യമായി പരിഗണിച്ചത്. കോടതി മുറിയിൽ നിർവികാരനായി നിൽക്കുകയായിരുന്ന പ്രതി ശ്യാംജിത്തിനെ ജഡ്ജി അടുത്തേക്ക് വിളിച്ച് കേസ് സംബന്ധമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘നിരപരാധിയാണ്, ഒന്നും ചെയ്തിട്ടില്ല’ എന്നായിരുന്നു മറുപടി. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളത് കേട്ടശേഷം കേസിൽ ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2022 ഒക്ടോബർ 22ന് രാവിലെ 11.45നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്ത് വിപിൻരാജുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ ചുറ്റികകൊണ്ട് തലക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തറുത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മാരകമായി കുത്തിപ്പരിക്കേൽപിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. വിഷ്ണു പ്രിയയുടെ ശരീരത്തിൽ 29ഓളം പരിക്കുകൾ ഉണ്ടായിരുന്നു.
പാനൂർ വള്ളങ്ങാട് സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എസ്. പ്രവീൺ, അഡ്വ. അഭിലാഷ് മാത്തൂർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.