പത്തനംതിട്ട: വിഷുക്കണി ദർശനത്തിന് ശബരിമലയിലും ഗുരുവായൂരും വൻ ഭക്തജനതിരക്ക്. വിഷുക്കണി ദർശിക്കുന്നതിനായി ശനിയാഴ്ച തന്നെ ഭക്തർ ക്ഷേത്രത്ത് സ്ഥാനം പിടിച്ചിരുന്നു.
പുലർച്ചെ നാലു മണി മുതൽ ഏഴു മണിവരെയായിരുന്നു ശബരിമലയിൽ വിഷുക്കണി ദർശനം. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.
വിഷുദിനമായ ഞായറാഴ്ച പുലർച്ചെ നാലിന് നടതുറന്ന് അയ്യപ്പനെ ആദ്യം കണികാണിച്ചു. തുടർന്ന് പതിനായിരക്കണക്കിന് ഭക്തർ വിഷുക്കണി കണ്ട് അയ്യപ്പനെ വണങ്ങി ദർശനപുണ്യം നേടി.
ഉദയാസ്തമയപൂജ, പടിപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടക്കുന്നതോടെ വിഷു ഉത്സവത്തിന് സമാപനമാകും.
പുലർച്ചെ 2.30ന് വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര ഗോപുരവാതിൽ തുറന്നത്. മേൽശാന്തി ഭവൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ചു. തുടർന്ന് ഭക്തർക്ക് വിഷുക്കണി കാണാൻ അവസരം ഒരുക്കി.
ശനിയാഴ്ച രാത്രി അത്താഴപ്പൂജയും അവസാനചടങ്ങായ തൃപ്പുകയും കഴിഞ്ഞാണ് ശ്രീലകത്ത് വിഷുക്കണി ഒരുക്കിയത്. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിൽ ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണക്കല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽകണ്ണാടി, കണിക്കൊന്ന, സ്വർണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.