തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രെയിനുമായി എത്തിയ കപ്പലിന് ആഘോഷ സ്വീകരണമൊരുക്കി നാലുദിവസം പിന്നിട്ടിട്ടും ഉപകരണങ്ങൾ ഇറക്കാനായില്ല. ചൈനീസ് എൻജിനീയർമാർക്ക് കരയിലിറങ്ങാൻ അനുമതി കിട്ടാത്തതിനാലാണ് ഇറക്കാൻ കഴിയാഞ്ഞതെന്നാണ് ഒടുവിലെ ഔദ്യോഗിക ഭാഷ്യം. വ്യാഴാഴ്ച ഉച്ചയോടെ ചൈനക്കാർക്ക് ഇമിഗ്രേഷൻ അനുമതിയായെന്ന് അറിയിച്ചെങ്കിലും വിഴിഞ്ഞത്ത് കടൽ പ്രക്ഷുബ്ധമാണെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നുമാണ് സർക്കാർ ഇപ്പോഴും പറയുന്നത്.
കടലിന്‍റെ അടിയൊഴുക്കുമൂലം കപ്പൽ ആടുന്നതിനാൽ ക്രെയിനിറക്കിയാൽ അപകടം സംഭവിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകളും ട്രോളുകളും നിറഞ്ഞതോടെ ചൈനീസ് കപ്പലായ ഷെൻ ഹുവ-15ലെ മുഴുവൻ ജീവനക്കാർക്കും കരയിലിറങ്ങുന്നതിന് അനുമതിയില്ലാത്തതാണ് പ്രശ്നമുണ്ടാക്കിയതെന്നായി. ആശങ്ക നിലനിൽക്കെ അനുമതി ലഭിച്ചതായി തുറമുഖമന്ത്രി അറിയിച്ചു. കപ്പലിലെ രണ്ടുപേർക്കാണ് ആദ്യം എഫ്.ആർ.ആർ.ഒ അനുമതി ലഭിച്ചത്. പിന്നീട് മുഴുവൻ ജീവനക്കാർക്കും അനുമതി ലഭിച്ചു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഒരുമാസമെടുത്താണ് കപ്പൽ ചൈനയിൽനിന്ന് ഇന്ത്യയിലെത്തിയത്. ആദ്യം ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി പോർട്ടിൽ ചില ക്രെയിനുകൾ ഇറക്കി. അവിടെയും ചൈനക്കാർക്ക് കരയിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം, സ്വീകരണത്തിന്‍റെ തലേന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുംബൈ സംഘമെത്തുമെന്നും അവർ ഉപകരണങ്ങൾ ഇറക്കുമെന്നുമാണ് പറഞ്ഞത്. മുംബൈയിൽനിന്നുള്ള കമ്പനിയുടെ വിദഗ്ധർ ഇതുവരെ എത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.