വിഴിഞ്ഞം തുറമുഖം : ഓണത്തോടെ പ്രവർത്തനം തുടങ്ങാനാവുമെന്ന് അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം :വിഴിഞ്ഞം തുറമുഖം ഓണത്തോടെ പ്രവർത്തനം തുടങ്ങാനാവുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാംം ഘട്ടം പ്രവർത്തന സജ്ജമാകുവാൻ 2960 മീറ്റർ നീളമുള്ള പുലിമുട്ട്, 800 മീറ്റർ ബർത്ത്, കടൽ നികത്തി രൂപീകരിക്കുന്ന 53 ഹെക്ടർ കരഭൂമിലെ ബാക്കപ്പ് യാർഡ് സൗകര്യങ്ങൾ, കണ്ടയ്നർ കൈകാര്യം ചെയ്യുന്നതിനുള്ള ക്രെയിനുകൾ മുതലായവ സജ്ജീകരിക്കണം.

2023 സെപ്റ്റംബറോടെ 400 മീറ്റർ നീളത്തിൽ ബെർത്തും 2300 മീറ്റർ പുലിമുട്ടും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂർത്തീകരിച്ച് ഓണത്തോടനുബന്ധിച്ച് തുറമുഖം പ്രവർത്തനക്ഷമമാക്കാനാണ് ഉദേശിക്കുന്നതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. തുറമുഖത്തെ തിരുവനന്തപുരം- കന്യാകുമാരി റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന പുതിയ പാതയുടെ നിർമാണത്തിനായി കൊങ്കൺ റെയിൽവേ മുഖേന തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന് (ഡി.പി.ആർ) 2022 മാർച്ചിൽ ദക്ഷിണ റെയിൽവേയുടെ അംഗീകാരം ലഭിച്ചു.

തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് തദേശവാസികളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി നിരവധി പദ്ധതികൾ സർക്കാർ ആവഷ്ക്കരിച്ച് നടപ്പിലാക്കുന്നു. പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ ജീവനോപാധി നഷ്ടപരിഹാരത്തിനും മറ്റ് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

തദേശീയരായ മത്സ്യത്തൊഴിലാളി വിഭാഗങ്ങളിൽ അർഹരായ ചിപ്പി -ലോബ്സ്റ്റർ വിഭാഗത്തിലെ കട്ടമരച്ചിപ്പി ത്തൊഴിലാളികൾക്ക് നഷ്ടപരിഹാരമായി ആളൊന്നിന് 12,50,000 രൂപയും കരച്ചിപ്പിത്തൊഴിലാളികൾക്ക് 2,00,000 രൂപയും ചിപ്പിക്കച്ചവടക്കാർക്ക് 1,00,000 രൂപയും വീതം 262 പേർക്ക് 12.36 കോടി രൂപയും, കരമടിത്തൊഴിലാളികൾക്ക് ആളൊന്നിന് 5,60,000 രൂപ വീതം 913 പേർക്ക് 54.24 കോടി രൂപയും വിതരണം ചെയ്തു.

നിർമാണ കാലയളവിൽ പദ്ധതി പ്രദേശം ചുറ്റി പോകേണ്ടതിനാൽ 1221 മത്സ്യത്തൊഴിലാളികൾക്ക് 27.18 കോടി രൂപയുടെ മണ്ണെണ്ണ വിതരണം ചെയ്തു. റിസോർട്ട് തൊഴിലാളികളായ 211 പേർക്ക് 6.08 കോടി രൂപ വിതരണം ചെയ്തു. നാല് സ്വയം സഹായ സംഘങ്ങളിലെ 33 പേർക്ക് 0.08 കോടി രൂപ നൽകി. പദ്ധതി ബാധിത പ്രദേശങ്ങളിൽ ജീവനോപാധി നഷ്ടപരിഹാരമായി 99.94 കോടി രൂപയും വിതരണം ചെയ്തു.

തുറമുഖ പദ്ധതിയോടനുബന്ധിച്ച് 7.3 കോടി രൂപ ചെലവിൽ 3.3 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിച്ച് നൽകുന്ന പദ്ധതിയിലൂടെ പ്രദേശത്ത് ശുദ്ധജല വിതരണം നടത്തുന്നുണ്ട്. 1.74 കോടി രൂപ ചെലവിൽ പദ്ധതി പ്രദേശത്ത് 1000 ൽപ്പരം ശുദ്ധജല വിതരണ കണക്ഷൻ സൗജന്യമായി നൽകി. ഖരമാലിന്യ നിർമാർജനത്തിന് 1.05 കോടി രൂപ മതിപ്പ് ചെലവ് വരുന്ന പദ്ധതി തയാറാക്കി.

നിലവിലെ വിഴിഞ്ഞം സി.എച്ച്.സി.യെ 80 കിടക്കകളുള്ള താലൂക്ക് ആശുപത്രിക്ക് തുല്യമായി ഉയർത്തുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു. മാലിന്യം നിറഞ്ഞ് സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട പദ്ധതി പ്രദേശത്തെ ഗംഗയാർ തോടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഗംഗയാറിന്റെ സ്വാഭാവിക നീരൊഴുക്ക് നിലനിർത്തുന്നതിനായുള്ള സമഗ്ര പദ്ധതി 1.18 കോടി രൂപ ചെലവിൽ നടപ്പിലാക്കി. വൃദ്ധജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി കോട്ടപ്പുറത്ത്പകൽ വീട് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി ഫിഷറീസ് വകുപ്പ് തയാറാക്കി.

ഇതിനനുയോജ്യമായ സ്ഥലം വാങ്ങുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനുമായുള്ള നടപടികൾ സ്വീകരിച്ചു. കേരള സർക്കാരിന്റെ നൈപുണ്യ വികസന പരിശീലന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം പൂർത്തിയാക്കി. 2023 ഏപ്രിലേടെ ഇതിന്റെ പ്രവർത്തനം ആരംഭിക്കും. ഇവിടെ തുറമുഖാനുബന്ധ കോഴ്സുകൾ ഉൾപ്പെടെയുള്ള കോഴ്സുകൾ പ്രദേശവാസി കൾക്ക് മുൻഗണന

നൽകി നടപ്പിലാക്കും. പദ്ധതി പ്രദേശത്തിനു സമീപം കായിക അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കളിസ്ഥലം നിർമിക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നു. തദേശ വാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും പരമാവധി പ്രയോജനവും തൊഴിലും ലഭ്യമാകുന്ന രീതിയിൽ ഒരു സീഫുഡ് പാർക്ക് സ്ഥാപിക്കുന്നതിനായുള്ള നടപടികളും തുടങ്ങി. കരാർ കമ്പനിയും മറ്റനവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ പദ്ധതി പ്രദേശത്ത് നടപ്പിലാക്കുന്നുണ്ടെന്ന് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - Vizhinjam Port: Ahmed Devarkovil said that the operation will start with Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.