തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രക്ഷോഭം ഒത്തുതീർപ്പായ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ തുടർനടപടികളിൽ ധിറുതിയുണ്ടാകില്ല. കേസുകൾ പിൻലിക്കുന്നതിൽ സർക്കാർ തീരുമാനം വൈകും. വിഴിഞ്ഞത്തുണ്ടായ സംഘർഷമടക്കം വിവിധ സംഭവങ്ങളിലായി 189 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 24 എണ്ണം ജാമ്യമില്ല വകുപ്പ് പ്രകാരമുള്ളതും.
കുറ്റപത്രം നൽകലടക്കം തുടരുമെങ്കിലും അറസ്റ്റ് നടപടികൾ തൽക്കാലമുണ്ടാകില്ലെന്നാണ് വിവരം. വൈദികർക്കെതിരെ എടുത്ത കേസുകളിൽ തിടുക്കപ്പെട്ട് നടപടിയുണ്ടാകില്ല. ലത്തീൻ അതിരൂപത സമരം ആരംഭിച്ചത് മുതൽ നിയമലംഘനങ്ങള്‍ക്ക് പൊലീസ് സമരക്കാർക്കെതിരെ കേസെടുക്കുന്നുണ്ടായിരുന്നു. ഇതോടൊപ്പം സമരംമൂലമുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീൻ അതിരൂപതയിൽനിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിന്മാറിയേക്കും എന്നും വിവരമുണ്ട്.
സമരം അവസാനിപ്പിച്ച സാഹചര്യത്തിൽ കൂടുതൽ പ്രകോപനങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതുമൂലം പ്രതിദിനം രണ്ടുകോടി വീതം നഷ്ടമുണ്ടായെന്നാണ് കമ്പനിയുടെ വാദം.
സമരത്തെതുടർന്നുള്ള സാഹചര്യങ്ങളിലെ ക്രമസമാധാന പാലനം പൊലീസിനും വലിയ തലവേദനയായിരുന്നു. അവശ്യഘട്ടങ്ങളിൽ വിഴിഞ്ഞം മേഖലയെക്കുറിച്ച് കൂടുതല്‍ ധാരണയുള്ളവരും മുമ്പ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്നവരുമായി പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലകൾക്ക് ഇവിടേക്ക് നിയോഗിച്ചിരുന്നു. സമീപ സ്റ്റേഷനുകളിൽനിന്നും തിരുവനന്തപുരം റൂറലില്‍നിന്നും ഇവിടേക്ക് പൊലീസിനെ വിന്യാസിച്ചു. വിവിധ ബറ്റാലിയനുകളിൽനിന്നായി വനിതകൾ ഉൾപ്പെടെ 1,500 പൊലീസുകാരെവരെ ക്രമസമാധാന പാലനത്തിന് നിയോഗിച്ച ദിവസങ്ങളുമുണ്ടായിരുന്നു.
2023 ആഗസ്റ്റിൽ കപ്പലെത്തുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. 2015 ആഗസ്റ്റിൽ തുടങ്ങിയ തുറമുഖ നിർമാണം 2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്നു.
പ്രകൃതിക്ഷോഭവും കല്ല് ലഭിക്കാനുള്ള പ്രശ്നങ്ങളും മൂലം പുലിമുട്ട് നിർമാണം വൈകുന്നെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.
കേരളത്തില്‍ കല്ല് ക്ഷാമം നേരിട്ടതോടെ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിലും ഇടയ്ക്ക് തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.