തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം തുറമുഖ പദ്ധതി കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍റെ ദൃഢനിശ്ചയത്തിന്‍റെ ഫലമാണ് വിഴിഞ്ഞം കരാർ. തര്‍ക്കമുണ്ടെങ്കില്‍ നിലവിലെ കരാറും വി.എസിന്‍റെ കാലത്തെ ടെന്‍ഡറും പരിശോധിക്കണം. മാറ്റം വരുത്തുന്നതില്‍ എതിര്‍പ്പില്ല, ഏതാണ് മെച്ചമെന്ന് സര്‍ക്കാറിന് തീരുമാനിക്കാമെന്നും അദ്ദേഹം ഉമ്മൻചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകാം സി.എ.ജി പരിശോധിച്ചിട്ടുണ്ടാകുക. സംസ്ഥാനത്തിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടത്തെക്കുറിച്ച് പരിശോധിച്ചിട്ടില്ല. അല്ലെങ്കില്‍ സി.എ.ജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും കരാര്‍ പൊളിച്ചെഴുതണമെന്നും വി.എസ്. അച്യുതാനനന്ദന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.
കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നത്. ഇതുവഴി അദാനിക്ക് 29,000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ ഉപകരിക്കൂവെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.