തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും അദാനി പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുണ്ടാക്കിയ കരാറിലൂടെ കേരളത്തിന് യഥാര്‍ഥനേട്ടം കൈവരിക്കാനാവില്ളെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട്. അദാനി പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ഉണ്ടാക്കിയ പൊതു-സ്വകാര്യ പങ്കാളിത്ത കരാറില്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനുള്ള വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താനായില്ല. സ്വകാര്യ കണ്‍സള്‍ട്ടന്‍സി തയാറാക്കിനല്‍കിയ സാമ്പത്തിക, സാങ്കേതിക നിര്‍വഹണ ചെലവ് സൂക്ഷ്മമായി പരിശോധിക്കാത്തതിനാല്‍ പദ്ധതിയുടെ മൊത്തചെലവില്‍ വന്‍ വര്‍ധനയുണ്ടായി. നിര്‍മാണകരാറിലും സംസ്ഥാന താല്‍പര്യം സംരക്ഷിക്കപ്പെട്ടില്ളെന്ന് സി.എ.ജി കരട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അദാനി പോര്‍ട്സുമായുള്ള 40 വര്‍ഷത്തെ കരാര്‍ കാലയളവില്‍ ചരക്കുനീക്ക ഇനത്തിലും അനുബന്ധ തുറമുഖ പ്രവര്‍ത്തനങ്ങളിലുംനിന്ന് ആകെ 1,44,653 കോടി രൂപയുടെ വരുമാനമാണുണ്ടാവുക. നിലവിലെ കരാര്‍പ്രകാരം അദാനി ഗ്രൂപ്പിന് 1,32,705 കോടി രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് ലഭിക്കുക 13,948 കോടി മാത്രമാകും. തുറമുഖ പദ്ധതിക്കുവേണ്ടി ചെലവിടുന്ന 7,525 കോടിയുടെ 67 ശതമാനം സംസ്ഥാന സര്‍ക്കാറാണ് നിക്ഷേപിക്കുന്നത്. അതായത് 5071 കോടി രൂപ കേരളം മുടക്കുമ്പോള്‍ 2,454 കോടി (33 ശതമാനം) മാത്രമാണ് അദാനി പോര്‍ട്സ് നിക്ഷേപിക്കുക. ഫലത്തില്‍ കരാര്‍ കേരളത്തിന് നഷ്ടക്കച്ചവടമാണ് -റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ളെന്നും സാമ്പത്തിക ക്രമക്കേട് നടന്നെന്നുമാണ് സി.എ.ജിയുടെ മറ്റൊരു കണ്ടത്തെല്‍. തുറമുഖ നിര്‍മാണ കരാറും പ്രാരംഭപ്രവര്‍ത്തനചെലവും സി.എ.ജി വിശദമായി പരിശോധിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയോടും തുറമുഖ വകുപ്പിനോടും വിവിധഘട്ടങ്ങളില്‍ വിശദീകരണവും തേടി. സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ പലതും തൃപ്തികരമല്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്‍റ് ജനറല്‍ (ഓഡിറ്റ്) അമര്‍ പട്നായികിന്‍െറ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഉടന്‍ നിയമസഭയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
അതേസമയം, പുറത്തുവന്നത് കരട് റിപ്പോര്‍ട്ടാണെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ട് കണ്ടശേഷമേ പ്രതികരിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.