പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് വിമത നീക്കവുമായി രംഗത്തുവന്ന മുൻ ഡി.സി.സി പ്രസിഡൻറ് എ.വി. ഗോപിനാഥിനെതിരെ രൂക്ഷവിമർശനവുമായി പാലക്കാട് ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ എം.പി. ഏതെങ്കിലും ഒരാൾ വിളിച്ചുകൂവിയാൽ ഇവിടെ പ്രശ്നമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഗോപിനാഥിന് ഡി.സി.സി അധ്യക്ഷ സ്ഥാനം നൽകാൻ ഉമ്മൻ ചാണ്ടി ഒത്തുതീർപ്പ് ചർച്ച നടത്തിയോയെന്ന് അറിയില്ല. ഡി.സി.സി പുനഃസംഘടന ഹൈകമാൻഡാണ് തീരുമാനിക്കുക. കോൺഗ്രസിനെ വെല്ലുവിളിച്ചതും ഇന്ധനം നിറച്ചതും ആരെന്ന് എല്ലാവർക്കും അറിയാമെന്നും ശ്രീകണ്ഠൻ പാലക്കാട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത് യഥാർഥ കോൺഗ്രസ് പ്രവർത്തകന് ചേരുന്ന നടപടിയല്ല. കോൺഗ്രസിന് പുറത്തുള്ളവരാണ് പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നത്. അവരുടെ കൈയിലെ ചട്ടുകമായി ചിലർ മാറി. ഇവരുടെയൊക്കെ പൂർവകാല ചരിത്രം നോക്കിയാൽ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാം. ഓരോ ആളുകൾ വരുമ്പോഴും അവരെ തകർക്കാനാണ് ശ്രമം. ഡി.സി.സി പ്രസിഡൻറ് സ്ഥാനം ആർക്കും പോക്കറ്റിൽനിന്ന് എടുത്തുനൽകാവുന്ന ഒന്നല്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ഗോപിനാഥ് രംഗത്തെത്തിയത് കോൺഗ്രസിെന പ്രതിരോധത്തിലാക്കിയിരുന്നു.നേതൃത്വം അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് യു.ഡി.എഫ് മുന്‍ ചെയര്മാന് എ. രാമസ്വാമി ഏതാനും ദിവസം മുമ്പ് പാർട്ടി വിട്ട് ഇടതുപാളയത്തിൽ ചേക്കേറിയിരുന്നു. വരുംദിവസങ്ങളിൽ എ.വി. ഗോപിനാഥ് പ്രതിേഷധമുയർത്തിയാലും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നാണ് നേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.