പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിലുള്ള യൂത്ത് കോൺഗ്രസ് നേതാവ് പി. സരിന്‍റെ എതിർപ്പിൽ പ്രതികരിച്ച് ഡി.സി.സി അധ്യക്ഷൻ വി.കെ. ശ്രീകണ്ഠൻ. വിജയ സാധ്യതയുള്ള സീറ്റിൽ സ്ഥാനാർഥിയാകാൻ പലർക്കും ആഗ്രഹമുണ്ടാകാമെന്ന് ശ്രീകണ്ഠൻ വ്യക്തമാക്കി.
സ്ഥാനാർഥിത്വം സംബന്ധിച്ച് പാർട്ടി എടുത്ത തീരുമാനം നേതാക്കൾക്കും പ്രവർത്തകർക്കും ബാധകമാണ്. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതാണ്. എല്ലാ പാർട്ടിക്കും തെരഞ്ഞെടുപ്പിൽ ഒരു മാനദണ്ഡമുണ്ട്.
ജില്ല മാറിയും സംസ്ഥാനം മാറിയും മൽസരിച്ച ചരിത്രമുണ്ട്. പുറത്തു നിന്നുള്ളവരെ പാലക്കാട് ജില്ലയിൽ മൽസരിപ്പിച്ച് വിജയിപ്പിച്ച ചരിത്രം കോൺഗ്രസിനും സി.പി.എമ്മിനുമുണ്ട്. അതിൽ യാതൊരു അർഥവുമില്ല.
സ്ഥാനാർഥിയുടെ കാര്യത്തിൽ യാതൊരു അതൃപ്തിയും ആരും നടത്തിയിട്ടില്ല. കോൺഗ്രസിലെ ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്ന ആളാണ് സരിൻ. കഴിഞ്ഞ തവണ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നൽകിയിരുന്നു. സരിൻ പാർട്ടി വിടുമെന്നോ വിമത സ്ഥാനാർഥിയാകുമെന്നോ വിശ്വസിക്കുന്നില്ല. വിമത സ്ഥാനാർഥിയെ പ്രതിരോധിക്കാനുള്ള ശക്തി പാലക്കാട്ടെ കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.