തൃശൂർ: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കേരളത്തിലെ പല ജയിലുകളിലായി കഴിയുന്ന 1850 കുറ്റവാളികളെ മോചിപ്പിക്കാനുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍. ബലാത്സംഗം, ലൈംഗീകാതിക്രമങ്ങള്‍, ലഹരികടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവർ ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമമെന്നും സുധീരൻ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും ക്വട്ടേഷന്‍-ഗുണ്ടാ-മാഫിയാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരികയും ശക്തിപ്പെടുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത് കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെ രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരില്‍ മോചിപ്പിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണ്. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും ലഹരികടത്ത് നടത്തുന്നവര്‍ക്കെതിരെയും കടുത്ത ശിക്ഷ നല്‍കുന്നതിന് നിയമഭേദഗതി വേണം എന്ന അഭിപ്രായം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് നിലവിലുള്ള നിയമപ്രകാരം തന്നെ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കുന്നു എന്നത് ഏറെ വിചിത്രമാണ്. വളരെ തെറ്റായ സന്ദേശമാണ് ഇതുവഴി സര്‍ക്കാര്‍ നല്‍കുന്നതെന്നും സുധീരൻ ആരോപിച്ചു.
എന്തു ചെയ്താലും ശിക്ഷിക്കപ്പെടുകയില്ലയെന്നും ഇനി ശിക്ഷിക്കപ്പെട്ടാല്‍ അവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ വരുമെന്നുള്ള ഒരു അവസ്ഥ കുറ്റവാളികള്‍ക്കും ക്വട്ടേഷന്‍-ഗുണ്ടാസംഘങ്ങള്‍ക്കു നല്‍കുന്ന പ്രോത്സാഹനവുമായിരിക്കും. അതുകൊണ്ട് തടവില്‍കഴിയുന്ന കൊടും കുറ്റവാളികളെ സ്വതന്ത്രമാക്കാനുള്ള നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.