നിയമസഭാ വജ്രജൂബിലി നോട്ടീസിൽ ഇ.എം.എസ് പ്രതിമയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതിനെതിരെ സുധീരൻ

തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ നോട്ടീസിൽ ഇ.എം.എസ് പ്രതിമയുടെ ചിത്രം മാത്രം ഉൾപ്പെടുത്തിയതിനെതിരെ സ്പീക്കർക്ക് കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്റെ കത്ത്. നിയമസഭാ കവാടത്തിന് മുന്നിലുള്ള മഹാത്മാ ഗാന്ധിപ്രതിമയുടെയും വശങ്ങളിലുള്ള നെഹ്റു, ഗാന്ധി പ്രതിമകളുടെയും ചിത്രം നോട്ടീസിലില്ലെന്നും ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രമേ നോട്ടീസിലുള്ളുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് തികഞ്ഞ അനൗചിത്യവും ദേശീയ നേതാക്കളോടുള്ള അനാദരവുമാണെന്നും അദ്ദേഹം ആരോപിച്ചു. 

 

സുധീരന്‍റെ കത്തിന്‍റെ പൂർണരൂപം

പ്രിയപ്പെട്ട സ്പീക്കര്‍,

നിയമസഭാ കവാടത്തിനു മുന്നില്‍ മഹാത്മജിയുടെ പ്രതിമയും അദ്ദേഹത്തിന്‍റെ ഇരുവശങ്ങളിലുമായി രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ യും പ്രതിമകളും അല്പം ദൂരെ മാറി കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസിന്റെ പ്രതിമയുമാണല്ലോ സ്ഥാപിച്ചിട്ടുള്ളത്.

എന്നാല്‍ നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസില്‍ മഹാത്മജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രങ്ങള്‍ കാണാന്‍ കഴിയുന്നില്ല. ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രമാണ് നോട്ടീസില്‍ കാണുന്നത്. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടെയും പ്രതിമകളുടെ ചിത്രം ഒഴിവാക്കി ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രം മാത്രം അച്ചടിച്ച് ഇറക്കിയത് തികഞ്ഞ അനൗചിത്യവും ദേശീയനേതാക്കളോടുള്ള അനാദരവുമാണ്.

കേരളനിയമസഭയുടെ വജ്രജൂബിലി ആഘോഷത്തോട് അനുബന്ധിച്ചുള്ള പരിപാടിയുടെ നോട്ടീസില്‍ രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പിയെയും ഭരണഘടനാ ശില്‍പിയെയും ആഘോഷകമ്മിറ്റി തമസ്‌കരിച്ചത് പ്രതിഷേധാര്‍ഹമാണ്. ഇത്തരത്തിലുള്ള നടപടി ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

                                                                                                                                                           

Tags:    
News Summary - vm sudheeran niyamasabha jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.