ഉമ്മന്‍ ചാണ്ടി ഉന്നത നേതാവ്; യോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധമല്ല –സുധീരന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ഉന്നതനായ നേതാവാണെന്നും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അദ്ദേഹം പങ്കെടുക്കാത്തത് പ്രതിഷേധത്തിന്‍െറ ഭാഗമായല്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. പാര്‍ട്ടിയുടെ എല്ലാ പരിപാടികളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടിയുമായി കൂടിയാലോചിച്ചശേഷമാണ് സമിതിയോഗം നിശ്ചയിച്ചത്. അസൗകര്യങ്ങള്‍ മൂലം പങ്കെടുക്കാനാവില്ളെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിന്‍െറ അവിഭാജ്യഘടകമാണ്. 

ഹൈകമാന്‍ഡുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് അറിയുന്നത്. കുടുതല്‍ എന്തെങ്കിലും വിശദീകരണം വേണമെങ്കില്‍ അവര്‍ നല്‍കുമെന്നും ശനിയാഴ്ച ചേര്‍ന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിനു ശേഷം വി.എം. സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേശീയ-സംസ്ഥാനതലങ്ങളില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ട് മുന്നോട്ടുപോകണമെന്നാണ് യോഗത്തിലെ തീരുമാനം.മോദി-പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങളോടൊപ്പംനിന്ന് പോരാടും. യു.ഡി.എഫ് രൂപം നല്‍കിയ പ്രക്ഷോഭപരിപാടികള്‍ വിജയിപ്പിക്കാനാവശ്യമായ നടപടികളെടുക്കും. അതോടൊപ്പം കെ.പി.സി.സി നേതൃത്വത്തിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.

ഡല്‍ഹിയില്‍ ചേര്‍ന്ന വിശാല കണ്‍വെന്‍ഷന്‍െറ മാതൃകയില്‍ ഈ മാസം 21ന് തിരുവനന്തപുരത്തും കണ്‍വെന്‍ഷന്‍ ചേരും. ഈ മാസം 20 മുതല്‍ ഫെബ്രുവരി 23 വരെ ജില്ലതല-മണ്ഡലംതല കണ്‍വെന്‍ഷനുകളും ചേരും. 28ന് കെ.പി.സി.സി യുടെ വിശാല എക്സിക്യൂട്ടിവ് യോഗം ചേരും. ഫെബ്രുവരി ഒമ്പതിന് എറണാകുളം ആര്‍.ബി.ഐ ഓഫിസ് ഉപരോധിക്കും. മാര്‍ച്ച് നാലിന് എറണാകുളം മറൈന്‍ഡ്രൈവില്‍ സംസ്ഥാനതലത്തില്‍ വന്‍റാലിയും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.