തൊടുപുഴ: റോഡപകടങ്ങളിൽപെടുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ സംസ്ഥാനത്തുടനീളം സന്നദ്ധസംഘങ്ങൾക്ക് രൂപം നൽകുന്നു. റോഡ് സുരക്ഷ അതോറിറ്റി പൊലീസുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിയ പദ്ധതിയാണ് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നത്. ഭൂരിഭാഗം അപകടങ്ങളിലും ഇരകൾക്ക് യഥാസമയം വൈദ്യസഹായം ലഭിച്ചാൽ മരണനിരക്ക് കുറക്കാനാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനത്തിന് രൂപംനൽകുന്നത്.
ഓരോ പൊലീസ് ഇൻസ്പെക്ടറുടെയും അധികാരപരിധിയിലെ പ്രദേശങ്ങളെ ഉൾപ്പെടുത്തി വളന്റിയർ സംഘങ്ങളുടെ മാതൃകയിൽ സ്വയം സഹായസംഘങ്ങൾ ഉണ്ടാക്കാനാണ് തീരുമാനം. പൊലീസ്, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, യുവാക്കൾ, നാഷനൽ സർവിസ് സ്കീം എന്നിവയുടെ പങ്കാളിത്തം ഈ സംഘത്തിലുണ്ടാകും. അപകടമുണ്ടായാൽ ഇവയുടെ കോഓഡിനേറ്ററെ നേരിട്ടോ പൊലീസ് വഴിയോ ബന്ധപ്പെടാം. അപകടത്തിൽപെടുന്നവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുന്നതുവരെ ഉത്തരവാദിത്തമാകും നിർവഹിക്കുക.
അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റേതടക്കം ചെലവ് റോഡ് സുരക്ഷ അതോറിറ്റി ഫണ്ടിൽനിന്ന് അനുവദിക്കും.
തിരുവനന്തപുരം സിറ്റിയിലും റൂറലിലും നടപ്പാക്കിയ പദ്ധതി ചെറിയ ന്യൂനതകളുണ്ടെങ്കിലും വിജയകരമാണെന്നാണ് വിലയിരുത്തൽ. ജില്ലയിൽ ചിലയിടങ്ങളിൽ രൂപവത്കരിച്ച സന്നദ്ധസംഘങ്ങളിൽ രാഷ്ട്രീയാതിപ്രസരവും സ്ത്രീകളുടെ പങ്കാളിത്തക്കുറവും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമ്പോൾ ഈ അപാകതകൾ പരിഹരിക്കുമെന്ന് റോഡ് സുരക്ഷ അതോറിറ്റി അധികൃതർ പറയുന്നു.
സന്നദ്ധസംഘങ്ങളിലേക്ക് വളന്റിയർമാരെ തെരഞ്ഞെടുക്കുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും തീരുമാനമുണ്ട്. ബന്ധപ്പെട്ട ജില്ല പൊലീസ് മേധാവി വഴിയാകും ഓരോ പൊലീസ് ഇൻസ്പെക്ടർക്കും സംഘങ്ങളുടെ പ്രവർത്തനത്തിന് ഫണ്ട് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.