തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിെൻറ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തിരുവനന്തപുരം കോർപറേഷനിലെ പല വാർഡിലും അട്ടിമറി മണക്കുന്നു. ഇതിെൻറ ഭാഗമായി വോട്ട് കച്ചവടം ആരോപിച്ച് സി.പി.എമ്മും ബി.ജെ.പിയും രംഗത്തെത്തി.
കോർപറേഷനിൽ 100 വാർഡുകളിൽ 26 എണ്ണത്തിൽ സി.പി.എമ്മും കോൺഗ്രസും ധാരണയെന്നാണ് ബി.ജെ.പി ആരോപണം. എന്നാൽ, കോൺഗ്രസിനെ കൂട്ടുപിടിച്ച് എൽ.ഡി.എഫിനെ ഭരണത്തിൽനിന്ന് മാറ്റിനിർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എമ്മും ആരോപിക്കുമ്പോൾ 16ന് പെട്ടിപൊട്ടിക്കുമ്പോൾ കാണാമെന്ന മുന്നറിയിപ്പാണ് യു.ഡി.എഫ് നൽകുന്നത്.
പ്രചാരണം അവസാന ലാപ്പിലെത്തുമ്പോൾ കോർപറേഷൻ ഒറ്റക്ക് ഭരിക്കാമെന്ന മോഹം മൂന്ന് മുന്നണികളും ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ തവണത്തെപ്പോലെ തൂക്കുസഭ തന്നെയായിരിക്കും ഇത്തവണയുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ. ഇതിൽ ഏറ്റവും വലിയ ഒറ്റ കക്ഷി ആരായിരിക്കുമെന്നതിൽ മാത്രമാണ് വ്യക്തതയില്ലാത്തത്.
സ്ഥാനാർഥി നിർണയത്തിലെ പാളിച്ച പല വാർഡുകളിലും കോൺഗ്രസിനെപ്പോലെ സി.പി.എമ്മിനും ബി.ജെ.പിക്കും തിരിച്ചടിയായിട്ടുണ്ട്. വാർഡുകൾ 'കുടുംബസ്വത്താ'ക്കുന്നതിനെതിരെ സി.പി.എമ്മിലും ബി.ജെ.പിയിലും അണികൾക്കിടിയിൽ അമർഷം ശക്തമാണ്. ഈ പ്രതിഷേധം വോട്ടുയന്ത്രത്തിൽ പ്രതിഭലിക്കുമോയെന്ന ആശങ്ക ഇരുമുന്നണികൾക്കുമുണ്ട്.
2015നെ അപേക്ഷിച്ച് ഇത്തവണ പല വാർഡിലും ശക്തമായ മത്സരമാണ് കോൺഗ്രസ് കാഴ്ചവെക്കുന്നത്. ഇതാണ് എൽ.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു ഘടകം. സ്ഥാനാർഥി നിർണയം മുതൽ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രചാരണരംഗത്ത് സി.പി.എമ്മിനും ബി.ജെ.പിക്കുമൊപ്പമെത്താൻ ഭൂരിഭാഗം വാർഡിലും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞതവണ തീരദേശവാർഡുകളാണ് യു.ഡി.എഫിനെ സഹായിച്ചതെങ്കിൽ ഇത്തവണ നഗരപ്രദേശങ്ങളിലടക്കം മുൻ കൗൺസിലർമാരെ നിർത്തി വാർഡുകൾ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് പയറ്റിയിരിക്കുന്നത്.
യു.ഡി.എഫ് മുന്നേറുമെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ബി.ജെ.പിയെയായിരിക്കും. കാരണം കഴിഞ്ഞതവണ കോൺഗ്രസ് പാളയത്തിൽ നിന്നൊഴുകിയ വോട്ടുകളായിരുന്നു താമരക്ക് വളമായി മാറിയത്. അങ്ങനെയങ്കിൽ കുറഞ്ഞത് ഒമ്പത് വാർഡെങ്കിലും കൈയിൽനിന്ന് േപാകുമെന്ന ആശങ്ക ബി.ജെ.പി ക്യാമ്പിലുണ്ട്. വഴുതക്കാട്, ശാസ്തമംഗലം, കുന്നുകുഴി, വഞ്ചിയൂർ അടക്കം എൽ.ഡി.എഫിെൻറ കൈവശമുള്ള പല വാർഡുകളിലും മുൻ കൗൺസിലർമാരെ രംഗത്തിറക്കിയാണ് യു.ഡി.എഫ് മത്സരം ശക്തമാക്കിയിരിക്കുന്നത്.
കോൺഗ്രസ് ദുർബലമായിരുന്നിട്ടുപോലും 150 വോട്ടുകൾക്ക് താഴെയാണ് ഈ വാർഡുകളിലെല്ലാം എൽ.ഡി.എഫിെൻറ ഭൂരിപക്ഷം. മാറിയ സാഹചര്യത്തിൽ ഇത് ബി.ജെ.പിക്ക് അനുകൂലമാകുമോയെന്ന ആശങ്ക ഇടത് പാളയത്തിലുണ്ട്. ഇത് മനസ്സിലാക്കിയാണ് സി.പി.എമ്മിനെ തുരത്താൻ ബി.ജെ.പി- കോൺഗ്രസ് കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി എം.എൽ.എ വി.കെ. പ്രശാന്ത് ശനിയാഴ്ച രംഗത്തെത്തിയത്.
എന്നാൽ, കഴിഞ്ഞ അഞ്ച് വർഷവും യു.ഡി.എഫിെൻറ സഹായം കൊണ്ട് കോർപറേഷൻ ഭരിച്ച എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തുന്നത് പരാജയഭീതിമൂലമാണെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ തിരിച്ചടിച്ചു. ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഇത്തവണയും വിമതന്മാർ 'പണി' തരുമോയെന്ന ആശങ്കയാണ് യു.ഡി.എഫിനുള്ളത്. മുന്നണിക്ക് വേരോട്ടമുള്ള പത്തോളം വാർഡുകളിലാണ് യു.ഡി.എഫ് റെബൽ ഭീഷണി നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.