കൊച്ചി: എതിരാളികളെ തിരഞ്ഞുപിടിച്ച് പ്രതികാരം ചെയ്യുന്ന വ്യക്തിയാണ് വി.എസ്. അച്യുതാനന്ദനെന്നതിന് തെളിവ് നിരത്തുകയാണ് സി.പി.എം നേതാവ് എം.എം. ലോറൻസ് ആത്മകഥയിൽ ഉടനീളം. പാർട്ടിയിൽ വിഭാഗീയതക്ക് തുടക്കമിട്ടതും വിഭാഗീയതയുടെ കേന്ദ്രമായി പ്രവർത്തിച്ചതും വി.എസ് ആണെന്ന് സമർഥിക്കുന്ന പേജുകൾ കടന്നാൽ വി.എസിന്റെ ആളിക്കത്തുന്ന ‘പ്രതികാര കഥ’കളാണ് പലയിടത്തും പങ്കുവെക്കുന്നത്.
‘സി.പി.എം കേന്ദ്ര കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കാൻ, അർബുദ ബാധിതനായി വീൽചെയറിലായിരുന്ന അന്നത്തെ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദനെ വി.എസ് നിർബന്ധിച്ച് ഡൽഹിക്ക് കൊണ്ടുപോയി. വോട്ടിങ് നടന്നപ്പോൾ ടി.കെ. രാമകൃഷ്ണൻ മാത്രമാണ് തന്നെ ഒഴിവാക്കരുതെന്ന നിലപാടെടുത്തത്’- ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ ആത്മകഥയിൽ ലോറൻസ് വിശദീകരിക്കുന്നു. 1998ൽ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ അക്ഷരാർഥത്തിൽ വിഭാഗീയതയുടെ ഭാഗമായ വെട്ടിനിരത്തലാണ് നടന്നത്.
അതിനുശേഷം എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഉടൻ ഒഴിയണമെന്ന് ചിലർ പറഞ്ഞു. ഇല്ലെങ്കിൽ അവർ മാറ്റും. അതിനുള്ള കളികൾ നടക്കുന്നുണ്ടെന്ന് വ്യക്തമായി. അതിനുള്ള നീക്കങ്ങൾ തുടങ്ങുംമുമ്പുതന്നെ വാർത്തസമ്മേളനം വിളിച്ച് കൺവീനർ സ്ഥാനം രാജിവെച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി തന്നെ എറണാകുളം ഏരിയ കമ്മിറ്റിയിലേക്കാണ് നിയോഗിച്ചത്. മാനസികമായി തളർത്താമെന്നായിരുന്നു ചിലർ വിചാരിച്ചത്. ഏരിയ കമ്മിറ്റിയിൽ പങ്കെടുക്കാതെ പാർട്ടിയിൽനിന്ന് ഒഴിവായിപ്പോകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തു. എറണാകുളം ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ വരുന്നതിന്റെ ചിത്രം പിറ്റേന്ന് പത്രത്തിൽ വന്നു. അത് താൻ കൊടുത്തതാണെന്ന് പ്രചരിപ്പിക്കാനും ശ്രമങ്ങളുണ്ടായി. പിന്നീട് കണ്ണൂർ സംസ്ഥാന സമ്മേളന ഭാഗമായി ജില്ല കമ്മിറ്റിയിലേക്ക് എത്തി. 2004ൽ മലപ്പുറം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരിച്ചെത്തി. അന്ന് സംസ്ഥാന കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുംകൂടുതൽ വോട്ട് ലഭിച്ചവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നു- ലോറൻസ് ആത്മകഥയിൽ എഴുതുന്നു.
തനിക്ക് എതിരാണെന്ന് തോന്നുന്നവരെ തിരഞ്ഞുപിടിച്ചു പ്രതികാരം ചെയ്യാൻ 1991ൽ കോഴിക്കോട്ട് നടന്ന സംസ്ഥാന സമ്മേളനത്തിനു ശേഷം വി.എസ് കൊണ്ടുപിടിച്ചു ശ്രമിച്ചതാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമാക്കിയതെന്നും ലോറൻസ് എഴുതുന്നു. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് ഒരേ ട്രെയിനിൽ വന്നിറങ്ങിയപ്പോൾ ഇ.എം.എസിന് കൂടുതൽ മുദ്രാവാക്യം വിളികൾ കിട്ടിയത് വി.എസിനെ അസ്വസ്ഥനാക്കി. അന്ന് പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ബസവ പുന്നയ്യക്ക് രേഖാമൂലം വി.എസ് പലതവണ പരാതി നൽകി. സൂര്യൻ ചൂടും പ്രകാശവും കുറഞ്ഞു കരിക്കട്ടയാകുന്നതുപോലെ ഇ.എം.എസ് മാറുമെന്ന് വി.എസ് വിഭാഗത്തിലെ ഒരു നേതാവ് പ്രതിനിധി സമ്മേളനത്തിൽ പ്രസംഗിച്ചെന്നും ആത്മകഥയിൽ ലോറൻസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.