കോൺഗ്രസ് നേതാക്കളെ തിരുത്തി വി.ടി ബലറാം; കാലത്തിനൊത്ത്‌ മാറണമെന്ന്

കോഴിക്കോട്: കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെ വിമർശവുമായി വി.ടി ബലറാമിന്‍റെ ഫേസ്ബുക് പോസ്റ്റ്. ഉത്തരവാദിത്തമില്ലായ്മയും സ്വാർഥ താത്പര്യങ്ങളും കൊണ്ട്‌ കേരളത്തിലെ ചില നേതാക്കൾ പാർട്ടിയെ അപമാനത്തിന്‍റെ നിലയില്ലാക്കയങ്ങളിലേക്ക്‌ ചവിട്ടിത്താഴ്ത്തുകയാണെന്ന് ബലറാം പറയുന്നു. നേതാക്കൾ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്‌ പാലിച്ചു കൊണ്ടായിരിക്കണം. "വേശ്യന്മാർ" ഉണ്ടാവുന്നിടത്തോളം വേശ്യകളും ഉണ്ടാവുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും ഫേസ്ബുക് പോസ്റ്റിൽ ബലറാം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കേരളത്തിലെ കോൺഗ്രസിന്‌ ഇങ്ങനെ മുന്നോട്ട്‌ പോകാൻ പറ്റില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ ജന്മദിനം രാജ്യവ്യാപകമായി ആഘോഷിക്കുമ്പോൾ, ഫാഷിസ്റ്റ്‌ തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോൺഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവ്‌ പാർട്ടിക്കകത്തും പുറത്തുമുള്ളവർ ഒരുപോലെ ആഗ്രഹിക്കുമ്പോൾ, ഉത്തരവാദിത്തമില്ലായ്മയും സ്വാർത്ഥ താത്പര്യങ്ങളും കൊണ്ട്‌ കേരളത്തിലെ ചില നേതാക്കൾ പാർട്ടിയെ അപമാനത്തിന്‍റെ നിലയില്ലാക്കയങ്ങളിലേക്ക്‌ ചവിട്ടിത്താഴ്ത്തുകയാണ്‌.

കേരളത്തിൽ പാർട്ടി പ്രവർത്തനവും പ്രതിപക്ഷ പ്രവർത്തനവും കൂടുതൽ ശക്തമായി മുന്നോട്ടു പോകണമെന്നത്‌ ഓരോ പ്രവർത്തകരുടേയും മനോവികാരമാണ്‌. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ജനദ്രോഹ നടപടികളുടെ പരമ്പര തീർക്കുമ്പോൾ അതിനൊക്കെയെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ച്‌, മടിശീലയിൽ കനമില്ലാതെ നിർഭയമായി മുന്നോട്ടു പോകണമെന്നാണ്‌ ഈ പാർട്ടിയെക്കുറിച്ച്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌. ഈയിടെ നടന്ന ഡി.സി.സി പ്രസിഡണ്ട്‌ നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്‍റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോൺഗ്രസിൽ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിച്ചുകൂടാ.

കോൺഗ്രസിൽ അഭിപ്രായ പ്രകടനങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുന്ന സാഹചര്യം പൊതുവിൽ ഉണ്ടാവാറില്ല. അതിന്‍റെ ആവശ്യവുമില്ല. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തിൽ നിന്ന് ആർജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ്‌ കോൺഗ്രസിന്‍റെ രീതിക്ക്‌ നല്ലത്‌. എന്നാൽ, നേതാക്കൾ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കൽ കറക്റ്റ്‌നെസ്‌ പാലിച്ചു കൊണ്ടായിരിക്കണം എന്നതാണ്‌ ഈ പുതിയ കാലത്ത്‌ പൊതുസമൂഹം പ്രതീക്ഷിക്കുന്നത്‌. സമീപദിവസങ്ങളിൽ ചില നേതാക്കളുടെ ഭാഗത്തു നിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാർ, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ അങ്ങേയറ്റം നിന്ദ്യമാണ്‌ എന്ന് പറയാതെ വയ്യ. ഇത്‌ ചില മനോഭാവങ്ങളെക്കൂടിയാണ്‌ വെളിപ്പെടുത്തുന്നതെന്ന് അവർ സ്വയം മനസ്സിലാക്കണം.

ഒരു ആധുനിക ജനാധിപത്യ സംഘടനയിൽ വീട്ടുകാരും കുശിനിക്കാരും തമ്മിൽ വ്യത്യാസമില്ല. ചുമതലകൾ വ്യത്യസ്തമായിരിക്കുമെങ്കിലും എല്ലാവർക്കും ഒരേ അംഗീകാരവും മാന്യതയും ആണ്‌ ഉണ്ടാവേണ്ടത്‌. സമൂഹത്തിലും അങ്ങനെത്തന്നെയാണ്‌. "വേശ്യന്മാർ" ഉണ്ടാവുന്നിടത്തോളം വേശ്യകളും ഉണ്ടാവുമെന്നും നാം തിരിച്ചറിയേണ്ടതുണ്ട്‌. അത്‌ മനസ്സിലാക്കാതെയുള്ള ഏകപക്ഷീയ അധിക്ഷേപം സ്ത്രീവിരുദ്ധവും രാഷ്ട്രീയവിരുദ്ധവുമാണ്‌. ട്രാൻസ്‌ജൻഡർ വിഭാഗങ്ങളെ ഉദ്ദേശിച്ചാണ്‌ ശിഖണ്ഡി എന്ന് ആക്ഷേപ സൂചകമായി ഉപയോഗിക്കുന്നതെങ്കിൽ അതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്‌.

നിലവാരമില്ലാത്ത വാക്‌പ്പോരിന്‌ ശേഷം ഇപ്പോൾ യഥാർഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങൾ അധ:പതിക്കുമ്പോൾ മുറിവേൽക്കപ്പെടുന്നത്‌ ആയിരക്കണക്കിന്‌ പ്രവർത്തകരുടെ മനോവീര്യമാണ്‌. അതിനാൽ വിടുവായത്തവും തമ്മിലടിയും നിർത്തി കോൺഗ്രസ്‌ നേതാക്കൾ രാഷ്ട്രീയം പറയാനും പ്രവർത്തിക്കാനും തയ്യാറാവണം. ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരായ ജനമുന്നേറ്റത്തിന്‍റെ ചാലകശക്തികളാകണം. നിങ്ങളുടെ ഗ്രൂപ്പ്‌ പോരിന്റെ നേർച്ചക്കോഴികളായി നിന്ന് തരാൻ ഈ പാർട്ടിയിലെ സാധാരണ പ്രവർത്തകർക്ക്‌ മനസ്സില്ല. കാലത്തിനൊത്ത്‌ മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ നിങ്ങൾ കളമൊഴിഞ്ഞ്‌ അതിന്‌ കഴിയുന്നവർക്ക്‌ വഴിമാറിക്കൊടുക്കണം എന്ന് പറയേണ്ടി വരുന്നതിൽ ക്ഷമിക്കുക.

Tags:    
News Summary - vt balaram attacked to congress leaders in facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.