പിണറായിയുടെ കൊറോണ പാക്കേജ് രാഷ്ട്രീയ നാടകം -ബൽറാം

കോഴിക്കോട്​: പിണറായിയുടെ കൊറോണ പാക്കേജ് 700 കോടി​​​യെ 20,000 കോടിയാക്കുന്ന രാഷ്ട്രീയ നാടകമാണെന്ന്​ വി.ടി. ബൽറാ ം എം.എൽ.എ. നേരത്തെ പ്രഖ്യാപിച്ച പദ്ധതികളും ഫണ്ടും ‘കൊറോണ പാക്കേജെ’ന്ന പേരിൽ വീണ്ടും അവതരിപ്പിക്കുക മാത്രമാണ ്​ സർക്കാർ ചെയ്യുന്നത്​. കൊറോണയുമായി ബന്ധപ്പെട്ട കേരളീയ ജനതയുടെ പൊതുവികാരത്തെ സർക്കാർ ചൂഷണം ചെയ്യുകയാണെന്നു ം ‘അൽപ്പം രാഷ്ട്രീയം പറയാൻ തന്നെയാണ് തീരുമാനം’ എന്ന ഫേസ്​ബുക്ക്​ പോസ്​റ്റിൽ ബൽറാം പറയുന്നു.

അതേസമയം, പ് രധാനമന്ത്രിയുടെ പ്രസംഗം കൈകൊട്ടിക്കളിയിലും ദഫ്​ മുട്ടിലും പര്യവസാനിച്ചപ്പോൾ, കൊറോണ മൂലം ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് അംഗീകരിക്കുകയെങ്കിലും ചെയ്ത കേരള മുഖ്യമന്ത്രി അഭിനന്ദനമർഹിക്കുന്നതായും കുറിപ്പിൽ പറയുന്നു.
ഫേസ്​ബുക്​ പോസ്​റ്റിൽ നിന്ന്​:

എല്ലാം വെറും പാക്കേജിങ്​ മാത്രം
സാധാരണ ഗതിയിൽ സർക്കാർ ഓരോ മേഖലയിലും ചെലവഴിക്കുന്ന തുകക്ക് പുറമേ ഒരു പ്രത്യേക സാഹചര്യത്തെ നേരിടാൻ അധികമായി ചെലവഴിക്കുന്ന തുക എന്നാണ് പാക്കേജ്​ കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ, ഈ സർക്കാരിന്‍റെ പാക്കേജുകൾ ഒന്നും അത്തരത്തിലുള്ളവയല്ല, അവ വെറും പാക്കേജിങ്​ മാത്രമാണ്.

പല സർക്കാർ വകുപ്പുകളും അവരുടെ പതിവ് പദ്ധതികൾക്കായി ചെലവിടുന്ന തുകകൾ ഒന്നുകൂടി ചേർത്തെഴുതി ഒരു പാക്കേജായി വീണ്ടും പ്രഖ്യാപിക്കുകയാണ്. ഉദാഹരണത്തിന് ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്ന 5000 കോടിയുടെ തീരദേശപാക്കേജ്. ഇതിലുള്ളത് മഹാഭൂരിപക്ഷവും തീരദേശവുമായി ബന്ധപ്പെട്ട മത്സ്യ ബന്ധന, ഹാർബർ വകുപ്പുകളുടെ പതിവ് ബജറ്റ് വിഹിത പദ്ധതികളാണ്. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് എല്ലായിടത്തേക്കുമായുള്ള പദ്ധതിയായി വേറെ പ്രഖ്യാപിച്ച സ്​കൂൾ നവീകരണത്തിലെ തീരദേശത്തെ സ്ക്കൂളുകളുടെ പ്രത്യേക ലിസ്റ്റ് തീരദേശ പാക്കേജിൽ വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നു. തീരദേശത്തെ ലൈഫ് വീടുകൾ പാക്കേജിലും ആവർത്തിക്കപ്പെടുന്നു. കിഫ്ബി പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട കോസ്റ്റൽ ഹൈവേ തീരദേശ പാക്കേജിലും ആവർത്തിക്കപ്പെടുന്നു. ആകെയുള്ള 550 കിലോമീറ്ററിൽ സ്ഥലമെടുപ്പ് പ്രശ്നങ്ങൾ മൂലം 12 കിലോമീറ്ററിന്‍റെ ഒരു റീച്ച് മാത്രമാണ് ഇപ്പോൾ സർക്കാരിന്‍റെ അജണ്ടയിൽത്തന്നെ ഉള്ളൂ.


കൊറോണ പാക്കേജിന്‍റെ കാര്യം ഇതിലും രസം
പാക്കേജുകൾ പ്രഖ്യാപിക്കുന്നത് ഈ സർക്കാരിന് ഒരു ഹരമാണ്. കുട്ടനാട് പാക്കേജും ഇടുക്കി പാക്കേജും വയനാട് പാക്കേജും ഓഖി പാക്കേജും തീരദേശ പാക്കേജും ഒന്നാം പ്രളയ പാക്കേജും രണ്ടാം പ്രളയ പാക്കേജുമൊക്കെ ഇങ്ങനെ ഓരോ കാലത്ത് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

20,000 കോടിയുടെ കൊറോണ പാക്കേജിന്‍റെ കാര്യം ഇതിലും രസമാണ്. ഇതിലെ 14,000 കോടിയും സർക്കാരിന്‍റെ കഴിഞ്ഞ വർഷത്തെ പ്രവൃത്തികൾ ഏറ്റെടുത്ത് ബില്ല് സമർപ്പിച്ച കരാറുകാരുടെ കുടിശ്ശിക തീർക്കാനാണ്. കരാറുകാർക്ക് നേരത്തേ മുതൽ നൽകിയ ഉറപ്പാണ് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ മാസത്തിൽ പണം നൽകാമെന്നത്. ധനമന്ത്രി എത്രയോ മുൻപ് നിയമസഭയിലടക്കം പ്രഖ്യാപിച്ച കാര്യമാണിത്. ഇതിന് കൊറോണയുമായി യാതൊരു ബന്ധവുമില്ല.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട 1000 കോടിയുടേയും അവസ്ഥ ഇതുതന്നെയാണ്. പുതിയ സാമ്പത്തിക വർഷത്തിൽ സ്വാഭാവികമായിത്തന്നെ നടക്കേണ്ടവയാണവ. വർഷം മുഴുവനായി ഏതാണ്ട് 3000 കോടിയാണ് കേരളത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്.

പെൻഷൻ കുടിശ്ശിക ആറ് മാസം; കൊടുക്കുന്നത്​ രണ്ടുമാസം
ക്ഷേമപെൻഷനുകളുടെ കാര്യത്തിലെ പ്രഖ്യാപനം ഇതിലും വലിയ കബളിപ്പിക്കലാണ്. ഏപ്രിൽ മാസത്തിലെ പെൻഷൻ മുൻകൂറായി നൽകുന്നതടക്കം 2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്നാണ് പ്രഖ്യാപനം. കേട്ടാൽ തോന്നും ഫെബ്രുവരി വരെയുള്ളത് കൊടുത്തു എന്നും ഇനി മാർച്ച്, ഏപ്രിൽ മാത്രമേ നൽകാൻ ബാക്കിയുള്ളൂ എന്നും. എന്നാൽ യാഥാർത്ഥ്യമെന്താണ്? കഴിഞ്ഞ സെപ്തംബർ വരെയുള്ള പെൻഷൻ മാത്രമേ കൊടുത്തിട്ടുള്ളൂ. മാർച്ച് അടക്കം ആറ് മാസത്തെ പെൻഷൻ കുടിശ്ശികയാണ്. എന്നിട്ടാണ് അതിൽ രണ്ട് മാസത്തേത് കൊടുക്കുന്നത് വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്. കുടുംബശ്രീ ലോണുകളുടെ പലിശക്ക് വേണ്ടി ഒരു രൂപ പോലും നീക്കി വെക്കാത്തതിനാൽ അതും ഒരധിക സഹായമായി കാണാനാവില്ല.


യഥാർത്ഥത്തിൽ 700 കോടിയുടെ പാക്കേജ്​
ആരോഗ്യ വകുപ്പിനുള്ള അധിക സഹായമായ 500 കോടി, എ.പി.എൽ-ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും സൗജന്യ റേഷൻ നൽകാൻ വേണ്ടിയുള്ള 100 കോടി, അന്ത്യോദയ കുടുംബങ്ങൾക്കുള്ള 1000 രൂപ ധന സഹായത്തിനുള്ള ഏതാണ്ട് 60 കോടി, ടാക്സികൾക്ക് മോട്ടോർ വാഹന നികുതി ഇളവായ 24 കോടി രൂപ എന്നിവയടക്കം ഏതാണ്ട് 700 കോടിയാണ് യഥാർത്ഥത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അധിക സഹായമായി ജനങ്ങൾക്ക് ലഭിക്കുന്നത്. അതിനേയാണ് 20,000 കോടിയായി പാക്കേജിങ്ങിലൂടെ അവതരിപ്പിക്കപ്പെടുന്നത്.

യാഥാർത്ഥ്യബോധമില്ലാത്ത വലിയ വലിയ കള്ളക്കണക്കുകൾ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത് ഇതുപോലൊരു സാഹചര്യത്തിൽ ഒട്ടും ഉചിതമല്ല. വ്യാജമായ പ്രതിച്ഛായ നിർമ്മിതിക്കല്ല, ജനങ്ങളോട് കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറയാനാണ് ഈ സമയത്തെങ്കിലും ഭരണാധികാരികൾ തയാറാവേണ്ടതെന്ന്​ പറഞ്ഞാണ്​ പോസ്​റ്റ്​ അവസാനിക്കുന്നത്​.


Tags:    
News Summary - vt blram on corona package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.