കാക്കനാട്: സമീപകാലത്ത് കേരള പൊലീസ് നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ അന്വേഷണങ്ങളിൽ ഒന്നാണ് മുട്ടാർ പുഴയിൽനിന്ന് വൈഗയുടെ മൃതദേഹം ലഭിച്ച കേസ്. മരണത്തിന് പിന്നാലെ പിതാവ് സനു മോഹനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. മരണവുമായി ബന്ധപ്പെട്ട് കൃത്യമായ നിഗമനത്തിൽ പോലും എത്താൻ കഴിയാതെ വന്നതോടെ ഏറെ പഴികേട്ട പൊലീസിന് നിർണായകമാണ് സനു മോഹെൻറ അറസ്റ്റ്.
മരണം നടന്ന് നാലാഴ്ച പിന്നിടുമ്പോഴാണ് പിതാവ് സനു മോഹൻ പൊലീസ് കസ്റ്റഡിയിലാകുന്നത്. മാർച്ച് 22 തിങ്കളാഴ്ച ഉച്ചയോടെയാണ് വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തുനിന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മുതൽ ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് സനു മോഹനെയും വൈഗയെയും കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രമ്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സനുവിനായി രണ്ട് ദിവസം കൂടി തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനാകാതെ വന്നതോടെ പുഴയിലെ തിരച്ചിൽ അവസാനിപ്പിച്ചു. സനു മോഹെൻറതാണെന്ന സംശയത്തിൽ നിരവധി മൃതദേഹങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.
വൈഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞായറാഴ്ച രാത്രിയോടെ സ്വാഭാവിക മുങ്ങിമരണം സംഭവിച്ചതായാണ് കണ്ടെത്തൽ. ഇവരുടെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ നടത്തിയ അന്വേഷണത്തിൽ അന്ന് രാത്രി ഫ്ലാറ്റിലെത്തി മടങ്ങിയതായി വിവരം ലഭിച്ചിരുന്നു. രാത്രി 9.30ഓടെ ഫ്ലാറ്റിൽനിന്ന് മടങ്ങിയതായി ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.
സ്വന്തം ഫോൺ കേടുവന്നെന്ന് ഭാര്യ രമ്യയെ വിശ്വസിപ്പിച്ച ഇയാൾ ഏതാനും ദിവസങ്ങളായി ഭാര്യയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഈ ഫോണും സ്വിച്ച് ഓഫ് ചെയ്തതോടെ തെളിവില്ലാത്ത അവസ്ഥയിലായിരുന്നു പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.