തൃശൂർ: ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന പേരിൽ തൊഴിലുറപ്പ് കൂലി മുടങ്ങിയ തൊഴിലാളികളോട് പോസ്റ്റ്ഓഫിസ് അക്കൗണ്ടുകൾ തുടങ്ങാൻ നിർദേശം. 2023 ഫെബ്രുവരി ഒന്നുമുതൽ ബാങ്ക് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യാത്തവർക്ക് പണം കൈമാറാനാവില്ലെന്ന കേന്ദ്രത്തിന്റെ കർശന നിർദേശമെത്തിയതോടെയാണ് തൊഴിലാളികൾ ആശങ്കയിലായത്.
ജനുവരി 30ന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൽനിന്നായിരുന്നു നിർദേശം. ഇതോടെ ആധാറുമായി ബന്ധിപ്പിക്കപ്പെട്ടില്ലെന്ന പേരിൽ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറി വന്നിരുന്ന കൂലി തടയപ്പെട്ട അവസ്ഥയിലാണ്. അങ്ങനെ തടയപ്പെട്ടവരോടാണ് അടുത്തുള്ള പോസ്റ്റ്ഓഫിസുകൾ വഴി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്( ഐ.പി.പി.ബി) അക്കൗണ്ട് തുടങ്ങാൻ നിർദേശിച്ചത്.
ഇതനുസരിച്ച് തൊഴിലാളികൾ പോസ്റ്റ്ഓഫിസുകൾ കയറിയിറങ്ങുകയാണ്. ബാങ്ക് അക്കൗണ്ടുകളിൽനിന്ന് സ്വീകർത്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പേമെന്റുകൾ സൗകര്യപ്രദമായി അയക്കാമെന്ന പേരിലാണ് ഇന്ത്യൻ റിസർവ് ബാങ്ക് നിർദേശത്തിൽ നാഷനൽ പേമെന്റ്സ് കോർപറേഷൻ ഒാഫ് ഇന്ത്യ (എൻ.പി.സി.ഐ) രൂപവത്കരിച്ച് ആധാർ ലിങ്ക് ചെയ്യുന്ന പ്രവർത്തനം നടന്നുവരുന്നത്.
ഫെബ്രുവരി 16നും മാർച്ച് രണ്ടിനും രണ്ട് തവണയായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് അക്കൗണ്ട് തുടങ്ങാൻ സൗകര്യമൊരുക്കാമെന്ന പോസ്റ്റൽ ബാങ്ക് അധികൃതരുടെ അപേക്ഷകൾ കേരള തൊഴിലുറപ്പ് മിഷൻ ഡയറക്ടർക്ക് ലഭിച്ചിരുന്നു. തുടർന്നാണ് അക്കൗണ്ട് തുടങ്ങാൻ നിർദേശം എത്തിയത്.
ഇപ്പോൾ ആധാർ ലിങ്ക് മുടങ്ങിയ തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്ത് പോസ്റ്റൽ ബാങ്ക് അക്കൗണ്ട് ക്യാമ്പുകൾ സംഘടിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആധാർ കാർഡ്, മൊബൈൽ ഫോൺ, തൊഴിൽ കാർഡ്, അവകാശിയുടെ പേര്, ജനനത്തീയതി എന്നിവ കൊണ്ടുവന്നാൽ മാത്രമേ അക്കൗണ്ട് ചേർക്കാനാകൂ.
ചേർക്കേണ്ട വ്യക്തികളുടെ ലിസ്റ്റ് ഇതിനകം പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുണ്ടെന്ന് തൊഴിലുറപ്പ് അധികൃതർ അറിയിച്ചു. അതേസമയം, 100 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയായ തൊഴിലുറപ്പ് മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് സമാനമായി 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനങ്ങളും വഹിക്കുന്ന രീതിയിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.