കണ്ണൂർ: തനിക്കെതിരെ ആർക്കും മത്സരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാളയാർ കുട്ടികളുടെ അമ്മയുടെ വികാരത്തോടൊപ്പമാണ് ഞങ്ങൾ നിന്നിട്ടുള്ളത്. അതിെൻറ ഭാഗമായുള്ള നടപടികളാണ് സ്വീകരിച്ചത്. അവർ ആവശ്യപ്പെട്ടത് പ്രകാരമാണ് സി.ബി.ഐക്ക് വിട്ടത്.
ഒരുഘട്ടത്തിലും അവരെ വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. അവർ എന്തെങ്കിലും നിലപാട് എടുക്കുന്നുണ്ടെങ്കിൽ അത് എടുക്കട്ടെ. അവരെ ആരൊക്കെയോ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നതിന് അനുസരിച്ച് ചോദിക്കുന്ന കാര്യങ്ങൾക്കെല്ലാം മറുപടി പറയേണ്ട കാര്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
നേമത്ത് താമര വിരിയാൻ അവസരമൊരുക്കിയത് കോൺഗ്രസാണ്. മുമ്പ് യു.ഡി.എഫിന് കിട്ടിയ വോട്ടാണ് ബി.ജെ.പിക്ക് പോയത്. കോൺഗ്രസ് മാപ്പുപറയേണ്ട കാര്യമല്ലേ അത്. അതേസമയം, എൽ.ഡി.എഫ് വോട്ട് വർധിക്കുകയാണ് ചെയ്തത്.
അപ്പോൾ നേമത്തെ ശക്തൻ സി.പി.എം സ്ഥാനാർഥി തന്നെയാണ്. കുറ്റ്യാടിപ്രശ്നം പ്രത്യേകമാണ്. പുതിയ പാർട്ടി വന്നപ്പോൾ ഉള്ള പ്രശ്നമാണ്. അപ്പോൾതന്നെ പരിഹരിച്ചുപോവുകയാണ്. അത് കീഴ്വഴക്കമല്ല. ജനങ്ങളുെട വികാരം കണ്ടപ്പോൾ ഘടകകക്ഷി സീറ്റ് തിരിച്ചുനൽകി. അത് ഞങ്ങൾ സ്വീകരിച്ചു. സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഘടകകക്ഷിയുടെ ഉദാരപൂർവമായ നിലപാടിനെ ശ്ലാഘിക്കുന്നു.
ലതിക സുഭാഷിെൻറ തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം രാഷ്ട്രീയനേതൃത്വത്തിെൻറ പക്വതയോടെ ആയോയെന്ന സംശയം പങ്കുവെക്കുന്നു. രമ മുമ്പും വടകരയിൽ സ്ഥാനാർഥി ആയിട്ടുണ്ടല്ലോ. അതിൽ എന്താണ് പ്രശ്നമുള്ളത്. നല്ല മത്സരം നടക്കും, എൽ.ഡി.എഫ് ജയിക്കും. കോവിഡ് കിറ്റ് നൽകിയത് കേന്ദ്രമാണെന്ന് പറയുന്നവർ അങ്ങെനയെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് കിറ്റ് നൽകുന്നില്ല എന്ന് വിശദീകരിക്കണം. നാലു വോട്ടിനുവേണ്ടി വർഗീയശക്തികളെ സമരസപ്പെടുത്തിക്കളയാം എന്ന് ചിന്തിക്കുന്ന അൽപത്തം ഞങ്ങൾ ചെയ്യില്ല. അതു ചെയ്യുന്നത് കോൺഗ്രസാണ്. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ല. ജയിച്ചുവന്ന കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോവുകയല്ലേ.
ഗോവ, മണിപ്പൂർ, മധ്യപ്രദേശ്, കർണാടക ഏറ്റവും ഒടുവിൽ പുതുച്ചേരിയും അതാണല്ലോ നാം കണ്ടത്. വിലയ്ക്ക് വാങ്ങാൻ കഴിയുന്ന വസ്തുവായി കോൺഗ്രസ് മാറിയിരിക്കുന്നുവെന്നും പിണറായി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.