പാലക്കാട്: വാളയാർ ദുരന്തത്തിന് പിന്നിൽ വ്യവസായിക ആവശ്യത്തിനുപയോഗിക്കുന്ന മെഥിലേറ്റഡ് സ്പിരിറ്റോ സാനിെറ്റെസറുകളിൽ ഉപയോഗിക്കുന്ന റബിങ് സ്പിരിറ്റോ അടക്കം മദ്യത്തിൽ ചേർത്തതായി സംശയിക്കുന്നതായി അന്വേഷണ സംഘം.
വെള്ളിയാഴ്ച ഉച്ചമുതൽ കോളനിയിൽ ശിവനും ഏതാനും പേരും മദ്യപിച്ചിരുന്നുവെന്ന് എക്സൈസ് ഇൻറലിജൻസ് വിങ് കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് അനധികൃതമായെത്തിച്ച സ്പരിറ്റാണോ കഴിച്ചത് എന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു.
മദ്യത്തിൽ വിഷപദാർഥം കലർത്തിയത് കോളനിയിൽ െവച്ചാണോ അതോ പുറത്തുനിന്ന് കലർത്തി എത്തിക്കുകയായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. പുറത്തുനിന്ന് തയാറാക്കിയതാണെങ്കിൽ ആദിവാസികൾക്ക് പുറമെ കൂടുതൽ പേർക്ക് ഇത് ലഭിച്ചിരിക്കാമെന്നും, ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.
ഇതുസംബന്ധിച്ച് ജില്ലയിലും തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചും പൊലീസ് ആശുപത്രികളിൽനിന്ന് വിവരശേഖരണം നടത്തിയെങ്കിലും സമാനരീതിയിൽ ആരും ചികിത്സ തേടിയതായി കണ്ടെത്താനായിട്ടില്ല.
വാളയാർ: അച്ഛനും അമ്മയുമില്ലാതെ മൂന്നുകുരുന്നുകൾ. ശിവനെ മദ്യം കവർന്നതോടെ പറക്കമുറ്റാത്ത മൂന്നു കുരുന്നുകളാണ് ഭൂമിയിൽ ആരോരുമില്ലാതെ തനിച്ചായത്. കഴിഞ്ഞദിവസം ചെല്ലംകാവ് കോളനിയിൽ വ്യജമദ്യം കഴിച്ച് മരിച്ച ശിവെൻറ മക്കളായ സിജിത (ഏഴ്), സിബു (ഒമ്പത്), സിബിൻ (11) എന്നിവരാണ് അനാഥരായത്.
വർഷങ്ങൾക്കുമുമ്പേ ഇവരുടെ അമ്മ ഉപേക്ഷിച്ചുപോയിരുന്നു. ശിവൻ കൂലിപ്പണിയില്ലാത്ത ദിവസങ്ങളിൽ കാട്ടുതേൻ വിൽപന നടത്തി വരെ കുട്ടികളെ സംരക്ഷിച്ചിരുന്നു. അച്ഛൻ ഇനി മടങ്ങി വരില്ലെന്ന് വേദനയോടെ മൂത്തകുട്ടി സിബിൻ അനുജനെയും അനിയത്തിയേയും സമാധാനിപ്പിക്കുന്നത് ഏതൊരാളുടെയും കരളലിയിപ്പിക്കും.
സിബിതയും സിബുവും ചുരുക്കിമട ഗവ. എൽ.പി സ്കൂളിലെ മൂന്ന്, നാല് ക്ലാസ് വിദ്യാർഥികളാണ്. സിബിൻ ഒലവക്കോട് ഹേമാബിക സ്കൂൾ ആറാംതരം വിദ്യാർഥിയാണ്. ശിവെൻറ മരണാനന്തര ചടങ്ങുകൾക്കുശേഷം പട്ടികജാതി വകുപ്പ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് മുട്ടിക്കുളങ്ങരയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
വാളയാർ: വാളയാറിലെ മദ്യ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഭവം സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള മദ്യ മാഫിയകളാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ.
ഈ സംഭവത്തെക്കുറിച്ച് വിശദമായ ജുഡീഷ്യൽ അന്വേഷണം നടത്തിയെ മതിയാകൂ എന്നും ശ്രീകണ്ഠൻ പറഞ്ഞു. സംഭവസ്ഥലവും ചെല്ലംകാവ് ആദിവാസികോളനിയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും വി.കെ. ശ്രീകണ്ഠൻ എം.പി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.