കാസർകോട്: എെൻറ മക്കൾക്ക് കിട്ടാത്ത നീതി കേരളത്തിൽ ഏതു മക്കൾക്കാണ് കിട്ടാൻ പോകുന്നത്? നാലു വർഷമായി തെരുവിൽ അലയേണ്ട അവസ്ഥ വരുത്തിവെച്ചിട്ട് പിന്നെന്തിനാണ് ഇങ്ങനെ ഒരു ഭരണം? വാളയാറിലെ അമ്മയുടേതാണ് ചോദ്യം. വാളയാർ അട്ടപ്പള്ളത്തെ 13ഉം ഒമ്പതും വയസ്സുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെയും കേസന്വേഷണം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് കുട്ടികളുടെ മാതാവ് കാസർകോടു നിന്ന് നീതിയാത്ര ആരംഭിച്ചത്. മുഖ്യമന്ത്രിയെ കണ്ട് കാലുപിടിച്ച് കരഞ്ഞു. ആവശ്യപ്പെടുന്ന ഏത് ഏജൻസി വേണമെങ്കിലും കേസന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അന്ന് ഉറപ്പു നൽകി. എന്നാൽ, കേസന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഒപ്പമുണ്ടെന്ന് സർക്കാർ പറയുന്ന വാക്കിന് എത്രമാത്രം സത്യസന്ധതയുണ്ടെന്നും അവർ ചോദിച്ചു.
തുടർച്ചയായി ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോഴാണ് തെരുവിലിറങ്ങാൻ തീരുമാനിച്ചതെന്ന് വിതുമ്പലോടെ അമ്മ പറഞ്ഞു.
കാസർകോട്: കാസർകോട് മുതൽ പാറശ്ശാല വരെ വാളയാർ അമ്മ നയിക്കുന്ന നീതിയാത്ര ചൊവ്വാഴ്ച തുടങ്ങി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടിൽനിന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പതാക കൈമാറിയാണ് യാത്ര ആരംഭിച്ചത്. ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് സർക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടന പ്രതിനിധികൾ സംസാരിച്ചു. സമിതി രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ഉൾപ്പെടെയുള്ളവരാണ് യാത്രയെ അനുഗമിക്കുന്നത്. ഏപ്രിൽ നാലിനാണ് യാത്ര പാറശാലയിൽ അവസാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.