പോത്തൻകോട്: അയിരൂപ്പാറയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ തേരുവിള അറപ്പുര വീട്ടിൽ രാധാകൃഷ്ണൻ (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30ന് നടന്ന സംഭവത്തിൽ രാധാകൃഷ്ണെൻറ സുഹൃത്തുക്കളായ അനിൽകുമാർ (51), കുമാർ (59) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് തമാസിക്കുന്ന നിർമാണത്തൊഴിലാളിയായ രാധാകൃഷ്ണനും മരംവെട്ട് തൊഴിലാളിയായ അനിലും അയൽവാസികളും സുഹൃത്തുക്കളുമാണ്. കെട്ടിടനിർമാണ തൊഴിലാളിയും വെയിലൂർ ശാസ്തവട്ടം സ്വദേശിയുമായ കുമാറും കുടുംബവുമായി അകന്നാണ് കഴിയുന്നത്.
ഇയാൾ ചിലപ്പോൾ രാധാകൃഷ്ണനോടൊപ്പവും അല്ലാത്തപ്പോൾ ഏതെങ്കിലും കടത്തിണ്ണയിലുമാണ് അന്തിയുറങ്ങാറ്. ജോലികഴിഞ്ഞ് മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കിടുകയും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
സംഭവദിവസവും മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വഴക്കിടുകയും ചെയ്തിരുന്നു. തുടർന്ന് രാത്രി 11ഒാടെ രാധാകൃഷ്ണൻ മാത്രം അയിരൂപ്പാറ ജങ്ഷനിലെത്തി സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപത്തെ ജ്യോതി ടെക്സ്റ്റൈൽസിെൻറ വരാന്തയിൽ കിടന്നുറങ്ങി.
അരമണിക്കൂർ കഴിഞ്ഞ് സ്ഥലത്തെത്തിയ കുമാർ രാധാകൃഷ്ണെൻറ കാലിൽ വെട്ടി. പിന്നാലെയെത്തിയ അനിൽ മരം മുറിക്കുന്ന മഴുകൊണ്ടും വെട്ടി. രാധാകൃഷ്ണൻ വരുന്നതും സുഹൃത്തുക്കൾ ആക്രമിക്കുന്നതുമെല്ലാം സമീപത്തെ സി.സി.ടി.വിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൈയിലും മുതുകത്തും കഴുത്തിലും ആഴത്തിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ കുഴഞ്ഞുവീണ രാധാകൃഷ്ണനെ സുഹൃത്തുക്കൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഏറെനേരം രക്തം വാർന്ന് കടത്തിണ്ണയിൽ കിടന്നു.
വട്ടപ്പാറയിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന ബിനു കടയടച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെ കണ്ട് വിവരം പൊലീസിൽ അറിയിച്ചത്. സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് രാധാകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു. തുടർന്ന് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ അനിലിനെയും കുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
രാധാകൃഷ്ണെൻറ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി സന്ധ്യയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നളിനകുമാരിയാണ് ഭാര്യ. മക്കൾ: രഞ്ജു കൃഷ്ണ, രജിൻ കൃഷ്ണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.