കോഴിക്കോട്: വഖഫ് ഭേദഗതി നിയമവുമായി മുന്നോട്ടുപോകാനാണ് കേന്ദ്ര സർക്കാർ തീരുമാനമെങ്കിൽ, നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടത്തുമെന്ന് മുസ്‌ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ സംയുക്ത യോഗം പ്രഖ്യാപിച്ചു. കോഴിക്കോട് ഈസ്റ്റ് അവന്യൂ ഹോട്ടലിൽ പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു മുഴുവൻ മുസ്‌ലിം സംഘടന പ്രതിനിധികളും പങ്കെടുത്ത യോഗം.
വഖഫ് നിയമ ഭേദഗതി ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. വഖഫ് സ്വത്തുക്കൾ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, 10 വർഷമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയ ബില്ലുമായിട്ടാണ് സർക്കാറിന്‍റെ രംഗപ്രവേശം. മുസ്‌ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കൈയേറ്റമാണ് നടക്കുന്നത്.
സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ബില്ലിന്‍റെ ലക്ഷ്യം. ഈ കൈയേറ്റം ഇന്ന് മുസ്‌ലിംകൾക്ക് നേരെയാണെങ്കിൽ നാളെ മറ്റേതെങ്കിലും വിഭാഗത്തിന് നേരെയാകും. ഇതിനെതിരായ ഭാവി പരിപാടികൾ സമാന ചിന്താഗതിക്കാരും പ്രതിപക്ഷ നേതൃത്വവുമായും സംസാരിച്ച് തീരുമാനിക്കും. മതവിശ്വാസികളെയും മതേതരത്വത്തെയും ബാധിക്കുന്ന പൊതു പ്രശ്‌നം എന്ന നിലയിൽ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് അഭിപ്രായ രൂപത്കരണം നടത്തി മുന്നോട്ട് പോകാനും തീരുമാനിച്ചു. ബില്ല് പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയാറാവണം. സർക്കാറിന്റേത് ഫെഡറൽ സംവിധാനത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്തിയ യോഗം പാർലമെന്‍റിൽ ബില്ലിനെതിരെ സംസാരിച്ച പ്രതിപക്ഷ കക്ഷികളെ അഭിനന്ദിച്ചു.
വയനാട് ദുരന്തത്തിൽപെട്ടവർക്കു വേണ്ടി യോഗം പ്രാർഥിച്ചു. ഒറ്റക്കെട്ടായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും പുനരധിവാസം വേഗത്തിലാക്കാൻ സർക്കാർ തയാറാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുസ്സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.കെ. മുനീർ (മുസ്‌ലിം ലീഗ്), കൊയ്യോട് ഉമർ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി (സമസ്ത), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്‌ലിം ജമാഅത്ത്), ടി.പി. അബ്ദുല്ലകോയ മദനി, ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം), പി. മുജീബ് റഹ്‌മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), പി.എൻ. അബ്ദുലത്വീഫ് മദനി, ടി.കെ. അഷ്റഫ് (വിസ്ഡം), ഐ.പി. അബ്ദുസ്സലാം, അഡ്വ. മുഹമ്മദ് ഹനീഫ (മർകസുദ്ദഅവ), ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യതുൽ ഉലമ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), ഡോ. പി. ഉണ്ണീൻ, എൻജിനീയർ പി. മമ്മദ് കോയ (എം.എസ്.എസ്), എം.സി. മായിൻ ഹാജി, ഡോ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവർ പങ്കെടുത്തു. അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.