തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഉടൻ നടപ്പാക്കില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ േനതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയെൻറ ഉറപ്പ്. എല്ലാ മുസ്ലിം സംഘടനകളെയും ഉൾപ്പെടുത്തി വിശദ ചർച്ച നടത്തുമെന്നും ചേംബറിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു. അതുവരെ വഖഫ് ബോർഡ് നിയമനങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരും. വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാറിനെ അറിയിച്ചത്. സർക്കാറിെൻറ നിർദേശമായിരുന്നില്ല അത്. അതിനാൽ ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്ന ആശങ്ക സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. വസ്തുതവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണമെന്ന് സമസ്ത നേതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വഖഫ് ബോർഡ് നിയമനത്തിന് പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കുക, വഖഫ് ബോർഡിൽ വിശ്വാസികളായ മുസ്ലിംകൾക്ക് മാത്രം ജോലി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിൽ തുടർ നടപടികൾ ആലോചിക്കാൻ സമസ്ത ഏകോപന സമിതി യോഗം ബുധനാഴ്ച രാവിലെ 11ന് ചേളാരി സമസ്താലയത്തിൽ ചേരും.
നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മുസ്ലിം സംഘടനകളിൽനിന്ന് പ്രതിഷേധമുയർന്നതിനെ തുടർന്ന് നവംബർ 13ന് ഗവർണർ അംഗീകരിക്കുകയും 14ന് വിജ്ഞാപനം ചെയ്യുകയും ചെയ്ത നിയമം നടപ്പാക്കുന്നത് സർക്കാർ നിർത്തിവെച്ചത് ചൊവ്വാഴ്ച 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ചർച്ചയിൽ സമസ്ത ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമ്മർ ഫൈസി മുക്കം, പി.കെ. ഹംസക്കുട്ടി മുസ്ലിയാർ ആദൃശേരി, സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽ ഖാദിർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.