പാലക്കാട്: വഖഫ് വിഷയത്തിലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സാമുദായിക വേർതിരിവിന് വേണ്ടിയുള്ള കലക്കാണെന്നും അതിന് വേണ്ടിയാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
ഇത് സമൂഹത്തിന് ചേർന്നതല്ല. ഇത് പലകുറി ഉപയോഗിച്ചതാണ്. വിശ്വാസം ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുക എന്നത് ബി.ജെ.പിയുടെ നയമാണ്. കേന്ദ്ര സർക്കാറിന് മുമ്പുള്ള ഭൂരിപക്ഷമില്ല. പല പാർട്ടികളുണ്ടെന്നും വരുന്നിടത്ത് വച്ച് കാണാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വഖഫ് ഒരു കലക്കാണ്. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുക എന്നത് ഭരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. വഖഫ് പറഞ്ഞ് അവിടെയും കലക്കാൻ നടക്കുകയാണ്. എന്നാൽ, രക്ഷപ്പെടുത്താൻ നോക്കുന്നത് ഞങ്ങളാണ്.
പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ മുൻകൈ എടുത്തോളാമെന്നും സർക്കാർ സഹായിച്ചാൽ മതിയെന്നും പറഞ്ഞു. എവിടെ ചെന്നാലും കലക്കാണ്. പാലക്കാട് പെട്ടി വച്ച് കലക്ക്, മുനമ്പത്ത് വഖഫ് വച്ച് കലക്കുക, വടകരയിൽ കാഫിർ വച്ച് കലക്കുക, പൂരം കലക്കി. ഇനി വയനാട്ടിൽ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുകയാണ്. -കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
പൊട്ടിക്കും പൊളിക്കും കലക്കും എന്ന് പറഞ്ഞല്ല കേന്ദ്രമന്ത്രിമാർ നടക്കേണ്ടത്. ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യണം. പ്രധാനമന്ത്രി വയനാട്ടിൽ വന്ന് ഷോ കാണിച്ച് പോയിട്ട് 10 പൈസ കൊടുത്തോ. അതിനാണ് കേന്ദ്രമന്ത്രി ശ്രമിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉരുൾപൊട്ടൽ ബാധിച്ചവർക്ക് എന്താണ് കൊടുത്തത്?, പുഴുത്ത അരിയോ. എന്നിട്ട് കലക്ക് വർത്തമാനം പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യമുള്ളത്. ദുരന്തത്തിൽപ്പെട്ടവർക്ക് എന്തെങ്കിലും കൊടുക്കാൻ കേന്ദ്രമന്ത്രി മുൻകൈ എടുത്തൂടേ. കേന്ദ്രമന്ത്രി വയനാട്ടിൽ വരുമ്പോൾ ആ വർത്തമാനമല്ലേ പറയേണ്ടത്. വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കേന്ദ്ര, കേരള സർക്കാരുകൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
വയനാട് കമ്പളക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് വഖഫിനെതിരെ അധിക്ഷേപ പരാമർശം കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമാണ് വഖഫ് എന്നാണ് സുരേഷ് ഗോപി അധിക്ഷേപിച്ചത്.
ആ ബോർഡിന്റെ പേര് താൻ പറയില്ല. ഭാരതത്തിൽ ആ കിരാതത്തെ ഒതുക്കിയിരിക്കും. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതമാണ്. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.