പയ്യന്നൂർ (കണ്ണൂർ): സൈനിക യൂനിറ്റുകൾക്കുള്ള പരമോന്നത ബഹുമതി ‘പ്രസിഡൻറ്സ് ക ളർ’ അംഗീകാരത്തിെൻറ നിറവിൽ ഏഴിമല നാവിക അക്കാദമി. ബുധനാഴ്ച രാവിലെ ഏഴിന് ഏഴിമല അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാന ിക്കും. അക്കാദമി കാഡറ്റ് ക്യാപ്റ്റൻ രാഷ്ട്രപതിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങും.
ചടങ്ങിനായി രാഷ്ട്രപതി ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിലെത്തി. പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതി ഹെലികോപ്ടർ മാർഗം ഏഴിമല അക്കാദമിയിലെത്തി. രാത്രി അക്കാദമി െഗസ്റ്റ് ഹൗസിൽ തങ്ങുന്ന രാഷ്ട്രപതി ചടങ്ങിനുശേഷം ബുധനാഴ്ച ഉച്ചയോടെ കണ്ണൂർ വിമാനത്താവളംവഴി ഡൽഹിക്ക് മടങ്ങും.
വിദേശത്തുനിന്നുള്ള കാഡറ്റുകൾക്കടക്കം പരിശീലനം നൽകുന്ന ഏഴിമല അക്കാദമിയുടെ പ്രവർത്തനമികവാണ് ‘പ്രസിഡൻറ്സ് കളർ’ പുരസ്കാരത്തിന് അർഹരാക്കിയത്. പട്ടിൽ തയാറാക്കിയ പ്രത്യേക പതാകയാണ് പ്രസിഡൻറ്സ് കളർ പുരസ്കാരം. ഏഴിമല അക്കാദമിയിൽ വിശേഷദിവസങ്ങളിൽ നടക്കുന്ന പരേഡിൽ ഈ പതാക ഉപയോഗിക്കും. നാവികസേന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനകേന്ദ്രം എന്നനിലയില്‍ നാവിക അക്കാദമി സ്ഥാപിതമായതിെൻറ സുവർണ ജൂബിലി വർഷത്തിലാണ് അക്കാദമിയെ തേടി പരമോന്നത പുരസ്കാരം എത്തുന്നത്.
1969ൽ കൊച്ചിയിൽ തുടങ്ങിയ അക്കാദമി 1986ൽ ഗോവയിലേക്ക് മാറ്റി. 2009 മുതലാണ് ഏഴിമലയിൽ പ്രവർത്തനം തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി പരിശീലനകേന്ദ്രമാണിത്. അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന കാഡറ്റുകളുടെ പരേഡിനുശേഷം പുരസ്കാര വിതരണച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ, മുതിർന്ന നാവിക ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.