തിരുവനന്തപുരം: കേസ് വിസ്താരത്തിനിടെ അസഭ്യപരാമർശം നടത്തിയ അഭിഭാഷകന് കോടതിയുടെ താക്കീത്. കേസ് മാറ്റണമെന്ന കീഴ്ക്കോടതിയുടെ ആവശ്യവും ജില്ല കോടതി അംഗീകരിച്ചു. വാഹനാപകടത്തിൽ മരിച്ചയാൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാനുള്ള കേസിെൻറ സാക്ഷി വിസ്താരത്തിനിടെയാണ് കോടതിയിൽ സീനിയർ അഭിഭാഷകൻ അസഭ്യപരാമർശം നടത്തിയത്.
തിരുവനന്തപുരം മോട്ടോർ വാഹനാപകട കോടതി ജഡ്‌ജി എൻ. ശേഷാദ്രിനാഥെൻറ കോടതിയിലാണ് സംഭവം. മരിച്ചയാളിന് വേണ്ടി ഹരജി നൽകിയത് അയാളുടെ നിയമപ്രകാരമുള്ള ഭാര്യയല്ലെന്നാണ് എതിർകക്ഷികളുടെ ആരോപണം. അതിെൻറ അടിസ്ഥാനത്തിൽ പ്രത്യേക വിവാഹ നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി പരാതിക്കാരനോട് നിർദേശിച്ചു. എന്നാൽ ഈ രേഖകൾ ഹാജരാക്കാതെ വിവാഹ ഉടമ്പടി കരാറാണ് ഹാജരാക്കിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്നു കണ്ട കോടതി പരാതിക്കാരെൻറ അഭിഭാഷകനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായായിരുന്നു അഭിഭാഷകെൻറ പരാമർശം.
സീനിയർ അഭിഭാഷകെൻറ നടപടി കണ്ട കോടതി തുടർനടപടികൾ നടത്താൻ താൽപര്യമില്ലെന്നും കേസ് മറ്റൊരു കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജില്ല ജഡ്‌ജിക്ക് കത്ത് നൽകി. ഇതനുസരിച്ച് ജില്ല ജഡ്‌ജി കേസിെൻറ തുടർനടപടികൾ തിരുവനന്തപുരം അഡീ.ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്കാണ് കൈമാറിയത്. 2012 സെപ്റ്റംബർ 11ന് വട്ടിയൂർക്കാവ് ഭാഗത്ത് നടന്ന വാഹനാപകടക്കേസാണ് കോടതി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.