കൊടുങ്ങല്ലൂർ: റവന്യൂ വരുമാന സമാഹരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂരിൽ ജല അതോറിറ്റി മുന്നൂറിലേറെ കുടിവെള്ള കണക്ഷനുകൾ വിച്ഛേദിച്ചു. യഥാസമയം വൈദ്യുതിക്കരം അടയ്ക്കാത്തതും കേടായ വാട്ടർ മീറ്ററുകൾ മാറ്റിവയ്ക്കാത്തതുമായ മുന്നൂറിൽപരം കുടിവെള്ള കണക്ഷനുകളാണ് ജല അതോറിറ്റി കൊടുങ്ങല്ലൂർ സെക്ഷന്റെ പരിധിയിൽ വിച്ഛേദിച്ചത്.
കൊടുങ്ങല്ലൂർ നഗരസഭ, മേത്തല സോൺ, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കണക്ഷനുകളാണ് വിച്ഛേദിച്ചത്. കണക്ഷൻ വിച്ഛേദിച്ചുകഴിഞ്ഞ് 30 ദിവസത്തിനകം കുടിശ്ശിക അടക്കാത്തവർക്കെതിരെ ജപ്തി നടപടികളും വാട്ടർ അതോറിറ്റി ആരംഭിച്ചു. ജപ്തി നടപടികൾ സ്വീകരിച്ചാൽ റവന്യൂ റിക്കവറി ചാർജ് ഉൾപ്പെടെ അടയ്ക്കേണ്ടി വരും. പിന്നീട് ആ കണക്ഷനുകൾ പുനഃസ്ഥാപിക്കാൻ വൈഷമ്യമേറെയാണ്. വാട്ടർ ചാർജ് കുടിശ്ശിക ഉള്ളവരും കേടായ മീറ്റർ മാറ്റിവയ്ക്കാത്തവരും ഈ മാസം 30ന് മുമ്പായി ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് അസി. എൻജിനിയർ അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ പിന്നീട് റീകണക്ഷനായി അപേക്ഷ നൽകേണ്ടതും സർവിസ് ചാർജ്, കുടിശ്ശിക 12 ശതമാനം പലിശ ഉൾപ്പെടെ അടയ്ക്കേണ്ടിയും വരും. പിഴ കൂടാതെ അടയ്ക്കാനുള്ള തീയതിക്ക് മുമ്പായി ഓൺലൈനായി ബിൽ അടക്കുന്നവർക്ക് വാട്ടർ അതോറിറ്റി ഇൻസെന്റീവും വാട്ടർ ചാർജ് അഡ്വാൻസായി അടക്കുന്നവർക്ക് ആകർഷകമായ ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്.
ബിൽ അടയ്ക്കാം
വാട്ടർ അതോറിറ്റിയുടെ കേരളത്തിലെ ഏത് റവന്യൂ കൗണ്ടറിലും ബില്ലുകൾ അടയ്ക്കാം. https://epay.kwa.kerala.gov.in ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ, പേ ടിഎം എന്നീആപ്പുകളിലൂടെയും അടയ്ക്കാനാകും. ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒരിക്കൽ കൺസ്യൂമർ ഐ.ഡി രജിസ്റ്റർ ചെയ്താൽ പിന്നീട് ബില്ല് വരുമ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.