രണ്ടു വീടുകളിൽ ജലമോഷണം കണ്ടെത്തി വാട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്ക്വാഡ്

തിരുവനന്തപുരം: വാ‌ട്ടർ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അതോറിറ്റി പി.ടി.പി സബ് ഡിവിഷനു കീഴിൽ രണ്ടുവീടുകളിലെ ജലമോഷണം കണ്ടെത്തി. കുടിവെള്ള ചാർജ് കുടിശികയായതിനെത്തുടർന്ന് കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചിരുന്ന മലമുകൾ നെട്ടയം കലിംഗവിള സരളകുമാരി, എടഗ്രാമം അമ്പലക്കുന്ന് എസ്.എസ് ഭവനിൽ അർജുനൻ എന്നിവരുടെ വീട്ടിലാണ് ജലമോഷണം പിടിച്ചത്.

മലമുകൾ നെട്ടയം കലിംഗവിള വീട്ടിൽ കുടിവെള്ള ചാർജ് 14187 രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഫെബ്രുവരി മാസത്തിൽ കണക്ഷൻ വിച്ഛേദിച്ചിരുന്നെങ്കിലും മീറ്റർ പോയിൻറിന് മുന്നിലുള്ള സർവീസ് ലൈനിൽ നിന്ന് കഴിഞ്ഞ മൂന്നുമാസമായി അനധികൃതമായി ജലമോഷണം നടത്തിവരികയായിരുന്നു. മീറ്റർ റീഡർ സൈറ്റിൽ പരിശോധന നടത്തിയപ്പോഴാണ് ജലമോഷണം ശ്രദ്ധയിൽപ്പെട്ടത്.

എടഗ്രാമം അമ്പലക്കുന്ന് എസ് എസ് ഭവൻ അ‍ർജുനന്റെ വീ‌ട്ടിൽ ഏഴുമാസമായി നടത്തിയിരുന്ന ജലമോഷണമാണ് ആന്റി തെഫ്റ്റ് സ്ക്വാ‍ഡ് കണ്ടെത്തിയത്. ഏഴു മാസത്തിലധികമായി വാട്ടർ ചാർജ് ഇനത്തിൽ 23397 രൂപ കുടിശിക വരുത്തിയതിനാൽ വിച്ഛേദിച്ച കണക്ഷനിൽ, മീറ്റർ പോയിന്റിന്‌ മുൻപിൽ നിന്ന് അനധികൃത ലൈൻ വലിച്ചാണ് ജലമോഷണം നടത്തിയിരുന്നത്. അമ്പലക്കുന്ന് പ്രദേശത്തെ വീടുകളിൽ ജലദൗർലഭ്യം ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്.

ആന്റി തെഫ്‌റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ അനധികൃത കണക്ഷൻ വിച്ഛേദിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. അനധികൃതമായി ഗാർഹിക ആവശ്യങ്ങൾക്ക് ജലമോഷണം നടത്തുന്നത് ആറു മാസം വരെ തടവും 50000 രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ജലമോഷണം പിടിച്ചതിനെത്തുടർന്ന് പിടിപി സബ് ഡിവിഷൻ ഓഫിസിൽ എത്തിയ ചിലർ അസി. എക്സിക്യുട്ടീവ് എഞ്ചിനീയറെ ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതു ചൂണ്ടിക്കാട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Water authority anti-theft squad detected water theft in two houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.